ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ
കോഴിക്കോട്: സമ്പർക്ക രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ എസ്.സാംബശിവ റാവു ഉത്തരവിറക്കി.
മാർക്കറ്റുകൾ, മാളുകൾ, ഫ്ലാറ്റുകൾ, വിവാഹം, ശവസംസ്‌കാരം തുടങ്ങി ജനം കൂട്ടമായെത്തുന്ന സ്ഥലങ്ങളിൽ നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഉത്തരവ്. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിലെ കീം പരീക്ഷാ സെന്ററുകളിലേക്ക് വിദ്യാർത്ഥികൾക്ക് യാത്രാനുമതി ഉണ്ടായിരിക്കും. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് ഹാജരാക്കിയാൽ മതി.
ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയൊഴികെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും മാത്രമാണ് തുറക്കാൻ അനുവാദം. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ പൊതുജനങ്ങൾ യാത്ര ചെയ്യരുത്.
വിവാഹത്തിലും അനുബന്ധ ചടങ്ങുകളിലും 50ലധികം ആളുകൾ പങ്കെടുക്കരുത്. ഒരേ സമയം 20 പേരിലധികം പേർ ഒത്തുചേരാൻ പാടില്ല. മരണാനന്തര ചടങ്ങുകളിൽ 20ലധികം പേർ പങ്കെടുക്കരുത്. വിവാഹം , മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച വിവരം വാർഡ് തല ദ്രുതകർമ്മസേനയെ (ആർ.ആർ.ടി) അറിയിക്കണം. ആളുകൾ നിയന്ത്രിതമായി മാത്രമെ പങ്കെടുക്കുന്നുള്ളൂവെന്ന് ആർ.ആർ.ടികൾ ഉറപ്പുവരുത്തണം.
പൊലീസ് അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ, ഘോഷയാത്രകൾ, മറ്റു പ്രക്ഷോഭ പരിപാടികൾ എന്നിവ നിരോധിച്ചു. പൊലീസിന്റെ അനുമതിയോടെ നടത്തുന്ന ഇത്തരം പരിപാടികളിൽ പത്തിലധികം ആളുകൾ പാടില്ല.
കൊയിലാണ്ടി, ചോമ്പാല ഹാർബറുകളുടെ പ്രവർത്തനം നിരോധിച്ചു.ആരാധനാലയങ്ങളിൽ 65 വയസിന് മുകളിലും പത്ത് വയസിനു താഴെയും പ്രായമുള്ളവർ പോവരുത്. ഇവിടെയെത്തുന്ന ഭക്തരെ തെർമൽ സ്‌ക്രീനിംഗിന് വിധേയരാക്കുകയും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണം. ആരാധനാലയങ്ങളിലെത്തുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കണം. ക്വാറന്റൈനിലുള്ളവരോ അവരോടൊപ്പം താമസിക്കുന്നവരോ എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ആരാധനാലയ മേധാവിയുടെ ചുമതലയാണ്. പ്രാർത്ഥനയ്ക്കെത്തുന്നവർ പായകളും ടവലുകളും പൊതുവായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കണം.
അന്തർജില്ലാ യാത്രകൾ നടത്തുന്നവർ വാർഡ് ആർ.ആർ.ടിയെ അറിയിക്കണം.
പൊലീസ് നിയന്ത്രണം ശക്തമാക്കും
പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ, മാളുകൾ എന്നിവിടങ്ങളിൽ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും പൊലീസ് സ്‌ക്വാഡുകൾ ഉറപ്പാകും. നിബന്ധനകൾ ലംഘിച്ചവരെ സംബന്ധിച്ച വിവരം തഹസിൽദാർക്ക് കൈമാറും. തഹസിൽദാരുടെ നിർദ്ദേശമനുസരിച്ച് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
രാത്രി 10 മുതൽ രാവിലെ അഞ്ചു മണിവരെ രാത്രി കർഫ്യൂ കർശനമാക്കും. 'ബ്രേക്ക് ദ ചെയിൻ' ഉറപ്പുവരുത്താൻ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്കായി സോപ്പും വെള്ളവും സാനിറ്റൈസറും പ്രവേശന കവാടത്തിൽ സജ്ജീകരിക്കണം.
എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കും.
കണ്ടെയ്ൻമെന്റ് സോണുകൾ
വടകര മുനിസിപ്പാലിറ്റി (മുഴുവൻ വാർഡുകളും), നാദാപുരം പഞ്ചായത്ത് (മുഴുവൻ വാർഡുകളും), തൂണേരി പഞ്ചായത്ത് (മുഴുവൻ വാർഡുകളും) പേരാമ്പ്ര പഞ്ചായത്തിൽ വാർഡ് 17(ആക്കുപ്പറമ്പ്), 18 (എരവട്ടൂർ), 19(ഏരത്തുമുക്ക്), കോഴിക്കോട് കോർപ്പറേഷൻ വാർഡ് 44 (കുണ്ടായിത്തോട്), 62 (മൂന്നാലിങ്കൽ),56 (ചക്കുംക്കടവ്), 37 (പന്നിയങ്കര), 59 (ചാലപ്പുറം),38 (മീഞ്ചന്ത), 41 (അരീക്കാട്), 57 (മുഖദാർ), തലക്കുളത്തൂർ പഞ്ചായത്തിൽ വാർഡ് 16 ചിറവക്കിൽ, വില്യാപ്പള്ളി പഞ്ചായത്തിൽ വാർഡ് 13 (കുട്ടോത്ത് സൗത്ത്),14 (കുട്ടോത്ത്), ചങ്ങരോത്ത് പഞ്ചായത്തിൽ വാർഡ് 14 (പുറവൂർ), 15 (മുതുവണ്ണാച്ച), 19 (കുനിയോട്).