su

കോഴിക്കോട്: മന്ത്രി കെ.ടി.ജലീൽ അന്താരാഷ്ട്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വിളിച്ചത് ഭക്ഷ്യക്കിറ്റിന്റെ കാര്യത്തിനാണെന്ന വാദം വിശ്വസിക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

സ്വപ്നയെ മാത്രമല്ല, മുഖ്യപ്രതി സരിത്തിനെയും വിളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിളിച്ചത് ഭക്ഷ്യക്കിറ്റിനാണോ, സ്വർണക്കിറ്റിനാണോയെന്ന് അറിയേണ്ടതുണ്ട്. സരിത്തിനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്തിനായിരിക്കണം വിളിച്ചത്. പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിൽ മന്ത്രി സംസാരിച്ചിരുന്നില്ല എന്നതിന് എന്താണ് ഉറപ്പ് ?. ജലീൽ മുമ്പും സ്വപ്നയെ വിളിച്ചതിന് തെളിവുണ്ട്. ആരെയാണ് ജലീൽ കബളിപ്പിക്കുന്നതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

ലോക്ക് ഡൗൺ കാരണം റംസാൻ വേളയിൽ കിറ്റ് നൽകാനായില്ലെന്ന് ജലീൽ പറയുന്നു. ലോക്ക് ഡൗൺ കാലത്താണ് കൂടുതൽ റിലീഫ് കിറ്റ് വിതരണം നടന്നത്. സക്കാത്തിനെ പച്ചക്കള്ളം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത് ശരിയാണോ ?.

മന്ത്രിക്ക് നേരത്തെ തന്നെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ട്. ജലീലും അദ്ദേഹത്തിന്റെ ഓഫീസും സംശയത്തിന്റെ നിഴലിലാണ്. ധൈര്യമുണ്ടെങ്കിൽ മന്ത്രി ജലീൽ സ്വന്തം കാൾ ലിസ്റ്റ് പുറത്ത് വിടട്ടെ.

ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ നടപടിയെടുക്കാനുള്ള ഗ്രൗണ്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയനാവേണ്ടിവന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഇതിൽ കൂടുതൽ എന്ത് ഗ്രൗണ്ടാണാവോ വേണ്ടത് ?.

എല്ലാ പ്രതികളുമായും ശിവശങ്കറിന് സൗഹൃദമുണ്ട്. അസാധാരണ സൗഹൃദമാണത്. ചീഫ് സെക്രട്ടറിയുടെ അന്വേഷണം പ്രഹസനമാണ്. ഐ.ടി.വകുപ്പിൽ നടന്ന കൊള്ളകൾ മുഖ്യമന്ത്രി അറിയാതെയല്ല. രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് പുരപ്പുറത്ത് കയറി പ്രസംഗിക്കുന്ന മുഖ്യമന്ത്രി ജനങ്ങൾക്ക് മുമ്പിൽ അത് തെളിയിക്കുകയാണ് വേണ്ടത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ഇന്നും നാളെയും ജില്ലാ കേന്ദ്രങ്ങളിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ടി.ബാലസോമൻ എന്നിവരും സംബന്ധിച്ചു.