കോഴിക്കോട്: ബീച്ച് ഗവ. ആശുപത്രിയിലെ നവീകരണം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ആർദ്രം മിഷന്റെ ഭാഗമായി കാർഡിയോളജി, ഐ.സി.യു ആൻഡ് കാർഡിയോളജി ഒ.പി, പൾമനോളജി വിഭാഗം (ബ്രോങ്കോസ്‌കോപ്പ് ), ഓർത്തോ വിഭാഗം (സി.എ.ആർ.എം), ഡ്രില്ലർ എന്നിവയാണ് പൂർത്തീകരിച്ചത്. പോർട്ടബിൾ എക്‌സ് റേ ഉപകരണങ്ങളുടെ സ്വിച്ചോൺ കർമവും മന്ത്രി നിർവഹിച്ചു.
കൊവിഡ് പ്രതിരോധത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന ആരോഗ്യ വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് 0.39 ശതമാനം മാത്രമാണ്. ഫീൽഡ് വർക്ക് ശക്തമാക്കിയതാണ് മരണ നിരക്ക് കുറച്ചത്. പോസിറ്റീവ് ആകുന്നതിൽ ഭയപ്പെടേണ്ടെന്നും മരണം സംഭവിക്കാതെ നോക്കുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള കായകൽപ അവാർഡും കെ.എ.എസ്.എച്ച് അവാർഡും ലഭിച്ച ആശുപത്രിയാണിത്. ന്യൂറോളജി, സൈക്യാട്രി, ഓങ്കോളജി, കാർഡിയോളജി, ശ്വാസകോശ രോഗ വിഭാഗം, ട്രാൻസ്‌ജെൻഡർ ഒ.പികളും പ്രവർത്തിക്കുന്നുണ്ട്.
ചടങ്ങിൽ എ. പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. സാംബശിവറാവു മുഖ്യാതിഥിയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, വാർഡ് കൗൺസിലർ തോമസ് മാത്യു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, സൂപ്രണ്ട് ഡോ. വി. ഉമ്മർ ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു.
ആശുപത്രി ഒറ്റനോട്ടത്തിൽ
കാർഡിയോളജി ഐ.സി.യു (ഒ.പി)
പൾമനോളജി വിഭാഗം(ബ്രോങ്കോസ്‌കോപ്പി സൗകര്യം)
ഡ്രില്ലർ പോർട്ടബിൾ എക്‌സ് റേ
വെന്റിലേറ്ററുകൾ-6
24 മണിക്കൂർ സേവനം
സർജറി, മെഡിസിൻ, ഓർത്തോ, ഇ.എൻ.ടി, ഒഫ്താൽമോളജി, അനസ്‌തേഷ്യ, ശസ്ത്രക്രിയ
പ്രത്യേകതകൾ
വന്ധ്യതാ ക്ലിനിക്, ബ്ലേഡ് കോംബോനന്റ് സെപ്പറേഷൻ യൂണിറ്റ്, ഓർത്തോ വിഭാഗത്തിൽ മുട്ടുമാറ്റി വെക്കൽ, ഇടുപ്പ് മാറ്റി വക്കൽ ശസ്ത്രക്രിയ
കിട്ടും കിഫ്ബിയിൽ
165 കോടി