കൽപ്പറ്റ: ടൗൺ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ദേശീയപാതയിൽ കൈനാട്ടി മുതൽ ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. സി.കെ.ശശീന്ദ്രൻ എം.എൽ.എ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ച 1 കോടി 29 ലക്ഷം രൂപ ചെലവിട്ടാണ് ഈ ഭാഗത്ത് നവീകരണം നടത്തുന്നത്. ഓവുചാലുകൾ, നടപ്പാത, കട്ടവിരിക്കൽ, കൈവരികൾ, ട്രാഫിക് സിഗ്നലുകൾ, റോഡ് വീതികൂട്ടൽ, ടാറിങ്, റോഡ് സുരക്ഷയുടെ ഭാഗമായുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കൽ, റോഡ് മാർക്കിംഗ് തുടങ്ങിയവ നവീകരണ പ്രവൃത്തികളിൽ ഉൾപ്പെടും.
കൽപ്പറ്റ ടൗൺ നവീകരിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് ജംഗഷ്ൻ മുതൽ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികളും പുരോഗമിച്ചു വരികയാണ്. നഗരസഭ വകയിരുത്തിയ രണ്ടുകോടി രൂപയ്ക്ക് പുറമേ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 7 കോടി 64 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. ചുണ്ടേൽ മുതൽ കൈനാട്ടി വരെയുള്ള ഭാഗത്ത് റോഡ് നവീകരിക്കുന്നതിന് ദേശീയപാതാ അതോറിറ്റി 13 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇതോടെ 22 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കൽപ്പറ്റയിൽ നടക്കുന്നതെന്ന് സി.കെ ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു.
കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, കൗൺസിലർമാരായ എ.എം. സുരേഷ് കുമാർ, അജി ബഷീർ ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജമാൽ മുഹമ്മദ്, അസിസ്റ്റന്റ് എൻജിനീയർ ഹീര, ഓവർസിയർമാർ തുടങ്ങിയവർ സന്നിഹിതരായി.
(ചിത്രം)
ദേശീയപാതയിൽ കൈനാട്ടി ഭാഗത്ത് നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ
മരം ലേലം
മേപ്പാടി ചൂരൽമല റോഡിന്റെ ഇരു വശങ്ങളിലായി നിൽക്കുന്ന വിവിധയിനം മരങ്ങൾ (വിറക് ഉൾപ്പെടെ) ജൂലൈ 21 ന് രാവിലെ 10.30 മുതൽ പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് ലക്കിടി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.