മുക്കം: ഹയർ സെക്കൻഡറി പരീക്ഷയിൽ മലയോരത്തെ സ്കൂളുകൾക്ക് മിന്നും ജയം. മുക്കം നഗരസഭയിലെ നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂൾ 99.5 ശതമാനം വിജയം നേടി. സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 130 പേരും വിജയിച്ചപ്പോൾ കൊമേഴ്സ് വിഭാഗത്തിൽ 65 പേരിൽ ഒരാൾ മാത്രം കൈവിട്ടു. സയൻസ് വിഭാഗത്തിൽ 12 പേരും കൊമേഴ്സ് വിഭാഗത്തിൽ 5 പേരും എല്ലാ വിഷയത്തിലും എപ്ലസ് നേടി. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളും മികച്ച വിജയം നേടി. 380 പേർ പരീക്ഷ എഴുതിയതിൽ 375 പേരും ഉപരി പഠനത്തിന് അർഹത നേടി. 98.7%മാണ് വിജയം. 58 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. സയൻസ്,കൊമേഴ്സ് ബാച്ചുകൾ നൂറുശതമാനം വിജയം നേടി. ഹ്യുമാനിറ്റീസിൽ 97 ശതമാനവും കൊമേഴ്സ് കമ്പ്യൂട്ടറിൽ 95 ശതമാനവുമാണ് വിജയം. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ കൊടിയത്തൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയും ഉന്നത വിജയം നേടി. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ 190 പേരിൽ 185 പേരും വിജയിച്ചു. അഞ്ചു പേർക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. കൊടിയത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ്‌ വിഭാഗത്തിൽ 53-ൽ 50 പേരും കൊമേഴ്സ് വിഭാഗത്തിൽ 63 പേരിൽ 59 പേരുമാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. സയൻസ് വിഭാഗത്തിൽ 5 പേർ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. മണാശ്ശേരി ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിന് 88.6 ശതമാനമാണ് വിജയം. അഞ്ചു വിദ്യാർഥികൾക്കാണ് ഇവിടെ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.