കോഴിക്കോട്: ലോക്ക് ഡൗൺ വന്നതു മുതൽ സേവാഭാരതി പ്രവർത്തകരുടെ വിശ്രമമില്ലാത്ത സേവനം കൊവിഡ് കാലത്ത് ചർച്ചയാവുകയാണ്. മാസ്‌ക്, സാനിറ്റൈസർ വിതരണം, വഴിയോരത്ത് കഴിയുന്നവർ, ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ എന്നിവർക്കുളള ഭക്ഷണ വിതരണം, ഇളനീർ, കുടിവെള്ളം,വത്തക്ക വിതരണം, മരുന്ന് വിതരണം, സൗജന്യ ആംബുലൻസ് സർവീസ് ...... അങ്ങനെ നീളുന്നു ഇവരുടെ പ്രവർത്തനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ദിവസവും 1500ൽ അധികം പേർക്ക് ഭക്ഷണം നൽകി. ഭക്ഷണ കിറ്റുകൾ തയ്യാറാക്കുന്നതിലും വീടുകളിൽ എത്തിക്കുന്നതിനും മുൻപന്തിയിലായിരുന്നു സേവാ പ്രവർത്തകർ. കോഴിക്കോട് കോർപ്പറേഷനിൽ ഒന്നര ലക്ഷത്തിലധികം ഭക്ഷണ സാമഗ്രികളടങ്ങുന്ന കിറ്റുകൾ സ്വന്തമായി വിതരണം ചെയ്തു. റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രവർത്തനത്തെ ഉദ്യോഗസ്ഥരടക്കം അഭിനന്ദിക്കുകയായിരുന്നു. രാത്രിയും പകലുമെത്തുന്ന ട്രെയിൻ യാത്രക്കാരെ തെർമൽ സ്‌ക്രീനിംഗ് നടത്തുകയായിരുന്നു പ്രധാന പ്രവർത്തനം. സാമൂഹിക അകലം പാലിച്ച് നിർത്തുക, നിർദ്ദേശങ്ങളും സഹായങ്ങളും നൽകുക, മാസ്‌ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ്, സാനിറ്റൈസർ നൽകൽ എന്നിവയെല്ലാം സേവാഭാരതി പ്രവർത്തകർ ഏറ്റെടുത്തു. എട്ട് മണിക്കൂർ വീതം എട്ടോളം പ്രവർത്തകരടങ്ങുന്ന മൂന്ന് ടീമുകളാക്കിയാണ് സൗജന്യ സേവനം. ജൂൺ 30 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചതെങ്കിലും ആഗസ്റ്റ് 15 വരെ തുടരാനാണ് സേവാഭാരതി തീരുമാനിച്ചിരിക്കുന്നത്.