നാദാപുരം: തൂണേരി ,നാദാപുരം പഞ്ചായത്തുകളിൽ രോഗികളുടെ എണ്ണം നൂറിന് അടുത്തതോടെ പ്രദേശം സമൂഹ വ്യാപന ഭീതിയിൽ. കൊവിഡ് സ്ഥിരീകരിച്ച മൽസ്യ വ്യാപാരിയായ വാണിമേൽ സ്വദേശിയുമായി സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി. തൂണേരി പഞ്ചായത്തിൽ 960 പേർക്ക് ആന്റിജൻ പരിശോധന നടന്നിരുന്നു. ഇതിൽ പഞ്ചായത്ത് അംഗമടക്കം 96 പേർക്ക് പോസിറ്റീവാണ്. ഇന്നലെ ഇരുപഞ്ചായത്തുകളിലും പരിശോധന നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. ഇന്ന് വാണിമേൽ പഞ്ചായത്തിൽ 75 പേർക്ക് ആന്റിജൻ പരിശോധന നടത്തും. അതെസമയം നാദാപുരം മേഖലയിലെ സർക്കാർ ആശുപത്രികളിൽ പനി, ചുമ, ജലദോഷം മുതലായ രോഗങ്ങളുമായി എത്തുന്നവരെ ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനമായി. ഓരോ ദിവസവും ഓരോ പി .എച്ച് .സികളിലാണ് പരിശോധന നടത്തുക.

നാദാപുരത്തും തൂണേരിയിലും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചെക്യാട്, വളയം, വാണിമേൽ, പുറമേരി, എടച്ചേരി, കുന്നുമ്മൽ പഞ്ചായത്തുകളിലും നിയന്ത്രണം കർശനമാക്കി.