പുൽപ്പള്ളി: നരഭോജി കടുവയെ കണ്ടെത്താനും പിടികൂടാനുമാകാതെ വനപാലകർ കുഴങ്ങുന്നു. കടുവയെ പിടികൂടാനായി കൂടുകൾ മാറ്റി സ്ഥാപിച്ചെങ്കിലും ഇതുവരെ കടുവയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. നിരീക്ഷണ ക്യാമറകളും വനത്തിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇവയിലും കടുവയുടെ സാന്നിദ്ധ്യം പതിഞ്ഞില്ല.
യുവാവിനെ കടുവ കൊലപ്പെടുത്തിയിട്ട് ഒരു മാസത്തോളമാവുകയാണ്. കൂട് സ്ഥാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ബസവൻകൊല്ലി കോളനിയിലെ യുവാവിനെ കടുവ കൊന്നുതിന്നത്. തലയൊഴികെയുള്ള ശരീരഭാഗങ്ങൾ കടുവ ഭക്ഷിച്ചിരുന്നു. വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. കടുവയെ പിടികൂടാനുള്ള കൂട് പലയിടങ്ങളിലായി സ്ഥാപിച്ചുനോക്കിയെങ്കിലും വിജയം കണ്ടില്ല. ആളെ കൊന്നുതിന്നശേഷം കടുവ എവിടേക്ക് കടന്നു എന്ന് യാതൊരു സൂചനയും ലഭിക്കാത്ത അവസ്ഥയിലാണ് വനംവകുപ്പ്.
കഴിഞ്ഞ ദിവസം വീണ്ടും കൂട് മാറ്റി. ഇത്തവണ എല്ലക്കൊല്ലി ഭാഗത്തേക്കാണ് കൂട് മാറ്റിയിരിക്കുന്നത്. ഒരു കൂട് ബസവൻകൊല്ലിക്കടുത്തും സ്ഥാപിച്ചിട്ടുണ്ട്. ദിവസം മുഴുവൻ നിരീക്ഷണം ശക്തമാക്കി ഫോറസ്റ്റ് ഓഫീസറും ഡപ്യൂട്ടി ആർ എഫ് ഒയും ജീവനക്കരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സൗത്ത് വയനാട് ഡി എഫ് ഒ രഞ്ജിത്ത് കുമാറിന്റെ നിർദ്ദേശത്തെത്തുടർന്നാണ് കൂട് എല്ലക്കൊല്ലിയിലേക്ക് മാറ്റിയത്.