കോഴിക്കോട്: കൊവിഡ് കാലത്തെ സുരക്ഷ വലിയ വെല്ലുവിളിയായതിനാൽ കർക്കടകത്തിലെ സുഖചികിത്സ വീടുകളിൽ തന്നെയാവാമെന്ന തീരുമാനത്തിലാണ് മലയാളികൾ. ആയുർവേദ ഡോക്ടർമാരുടെ ഉപദേശവും അതിന് പിൻബലം നൽകുന്നു. വേനൽ മാറി മഴ വരുന്നതോടെയുണ്ടാകുന്ന കാലാവസ്ഥ മാറ്റം മനുഷ്യന്റെ കായികശേഷി കുറയുന്നതിന് ഇടയാവുകയും അതിലൂടെ നഷ്ടമാകുന്ന പ്രതിരോധശേഷി വീണ്ടെടുക്കുകയുമാണ് കർക്കടക ചികിത്സയുടെ ഉദ്ദേശം.സാധാരണ 7,14, 21 ദിവസങ്ങളിലാണ് ചികിത്സ ചെയ്തുവരുന്നത്. ഞാവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗ്യം,നസ്യം തുടങ്ങിയ ചികിത്സയോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയ്യാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കടക ചികിത്സ. ഋതുചര്യ അനുസരിച്ചാണ് പല അസുഖങ്ങളും ഉണ്ടാവുന്നത്. അതിനെ ഒരു പരിധി വരെ തടയാൻ കർക്കടക ചികിത്സയിലൂടെ സാധിക്കും.
ദിനചര്യ
1. ദിവസവും ഒരേ സമയം എഴുന്നേല്ക്കുക.
2. മിതമായ വ്യായാമം ചെയ്യുക (15 മിനിറ്റ് നടക്കുക)..
3. ചായ, കാപ്പി ഒഴിവാക്കി ഹെർബൽ ടീ ഉപയോഗിക്കുക..
4. മുഖം നന്നായി ആവി പിടിച്ചതിനുശേഷം നസ്യം ചെയ്യുന്നതാണ് ഉത്തമം. അണുതൈലം നാല് തുളളി വീതം ഓരോ മൂക്കിലും മറ്റൊരാളെ കൊണ്ട് ഒഴിപ്പിക്കുക. (7വയസ് മുതൽ 75 വരെയുള്ളവർ)
5. അഞ്ജനം എഴുതുക
6. ഉപ്പുവെളളം ചെറുചൂടോടെ കവിൾ കൊള്ളുക (ത്രിഫല പൊടിയിട്ട് വെള്ളം തിളപ്പിച്ച് ഉപയോഗിക്കുന്നത് ഉത്തമം.)
7. കർപ്പുരാദി എണ്ണ തേച്ച് കുളിക്കുക, 15 മിനിറ്റോളം മസാജ് ചെയ്യുക. എണ്ണ തേയ്ക്കുമ്പോൾ ഉള്ളംകൈ, കാൽപാദം, തല,ശരീരം എന്നിവ നന്നായി മസാജ് ചെയ്യണം. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണ തന്നെ തലയിൽ തേയ്ക്കുക. അര മണിക്കൂറിന് ശേഷം ചെറുപയർ,നാൽപാമരചൂർണം,കടലപ്പൊടി ഉപയോഗിച്ച് ശരീരത്തിലെ മെഴുക്ക് കഴുകി കളയുക, തലയിൽ താളി ഉപയോഗിച്ച് വൃത്തിയാക്കുക. പുളിയുടെ ഇല, കരിനൊച്ചി, വാതകൊല്ലി, ഉപ്പ്, എന്നിവയിട്ട വെള്ളത്തിൽ കുളിക്കുന്നതാണ് ഉത്തമം. (അമിത വണ്ണം,കൊളസ്ട്രോൾ, രക്ത സമ്മദ്ദം എന്നീ അസുഖമുള്ളവർ എണ്ണയിട്ട് കുളിക്കരുത്., ചൂടുവെള്ളത്തിൽ കുളിച്ചാൽ മതി. ഇത്തരക്കാർ മുതിര ചൂർണം ഉപയോഗിച്ച് കുളിക്കുക.
8. ശരീരവും മനസും വിഷമുക്തമാക്കുന്നതിന് പ്രാർത്ഥനയും ധ്യാനവുമാകാം.
കർക്കടകക്കഞ്ഞി
കർക്കടക ചികിത്സയിൽ പ്രധാനമാണ് ഔഷക്കഞ്ഞി. പ്രഭാത ഭക്ഷണത്തിന് പകരമായിരിക്കണം ഔഷധ കഞ്ഞി ഉപയോഗിക്കേണ്ടത്. പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കിടക കഞ്ഞി പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. മൂന്ന് നേരങ്ങളിലും ലഘുവായ ഭക്ഷണം കഴിക്കുക. മത്സ്യ-മാംസാദികൾ കഴിവതും ഒഴിവാക്കുക. രാത്രിയിലെ ഭക്ഷണം 7മണിയാവുമ്പോൾ കഴിക്കുക. ശരീര ശുദ്ധി വരുത്തുന്നതിനായി കിടക്കുന്നതിന് മുമ്പ് ത്രിഫല ചൂർണം അല്ലെങ്കിൽ ആവണക്കെണ്ണ ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക.
''അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണം അരുത്. മാംസാഹാരം, തൈര് എന്നിവയും ഒഴിവാക്കണം. അമിത വ്യായാമമെന്ന പോലെ പകലുറക്കവും നല്ലതല്ല.
ഡോ.കെ.ജി.ശ്രീജിത്ത്,
പ്രണവം ആയുർവേദ ആശുപത്രി,
മാനിപുരം