കോഴിക്കോട്: ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ നഗരം തെരുവ് നായ്ക്കൾ കൈയടക്കിയത് ജനത്തിന് ഭീഷണിയാവുന്നു. പലയിടങ്ങളിലായി മാലിന്യം വലിച്ചെറിയുന്നതും ശുചീകരണ ജോലികൾ തകിടം മറിഞ്ഞതുമാണ് തെരുവ് നായ്ക്കൾക്ക് അഴിഞ്ഞാടാൻ അവസരമായത്.
ബീച്ച് പരിസരങ്ങളിലാണ് നായ്ക്കൾ കൂട്ടമായി എത്തുന്നത്.
ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും നിറയുന്നതിനാൽ ഓടിച്ചാലും ബീച്ച് വിട്ട് നായകൾ പോകാത്ത അവസ്ഥയാണ്. ഹോട്ടലുകളിൽ ഇരുന്നുകഴിക്കാൻ നിയന്ത്രണമുളളതിനാൽ പാർസലുകൾ വാങ്ങി പലരും ബീച്ചിലാണ് ഭക്ഷണം കഴിക്കാൻ എത്തുന്നത്. എന്നാൽ ഭക്ഷണാവശിഷ്ടങ്ങൾ അലസമായി വലിച്ചെറിയുന്നത് നായകൾക്ക് കുശാലാവുകയാണ്. നഗരത്തിൽ നായകളുടെ കടിയേൽക്കുന്ന സംഭവം നിരവധിയുണ്ട്. കൊവിഡ‌് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ശുചീകരണം മുടങ്ങില്ലെന്ന് പറയുന്ന കോർപ്പറേഷന് ഇക്കാര്യത്തിൽ വലിയ വീഴ്ചയാണുണ്ടാകുന്നത്.
മത്സ്യ മാർക്കറ്റ്, പാളയം പച്ചക്കറി മാർക്കറ്റ്, വലിയങ്ങാടി എന്നിവടങ്ങളിലെല്ലാം നായ്ക്കളുടെ ഭീഷണി വലുതാണ്. നഗരത്തിലെ ചെറിയ റോഡുകളിലൂടെയും ഇടവഴികളിലൂടെയും നായ്ക്കളെ ഭയന്നാണ് ആളുകൾ നടന്നുപോകുന്നത്. ദേശീയപാതയിൽ ഉൾപ്പെടെ വാഹനങ്ങൾക്ക് നേരെ നായകൾ പാഞ്ഞടുക്കുന്ന സ്ഥിതിയുണ്ട്. ഇരുചക്ര വാഹന യാത്രക്കാരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്.
എ.ബി.സി കാര്യക്ഷമമാക്കണം
തെരുവ് നായ ശല്യം തടയുന്നതിന് ശക്തമായ നടപടികളാണ് കോഴിക്കോട് കോർപ്പറേഷൻ നേരത്തെ സ്വീകരിച്ചിരുന്നത്. തെരുവുനായ്ക്കളുടെ പ്രജനനം തടയാൻ കോർപ്പറേഷൻ ആവിഷ്‌കരിച്ച ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ ഭാഗമായി ആശുപത്രി പ്രവർത്തിക്കുന്നുണ്ട്.
തെരുവ് നായ്ക്കളെ പിടികൂടി ആശുപത്രിയിൽ എത്തിച്ച് വന്ധ്യകരണ ശസ്ത്രക്രിയ നടത്തി മുറിവ് ഉണങ്ങിയ ശേഷം പിടിച്ച സ്ഥലത്ത് തന്നെ വിടുന്ന രീതിയായിരുന്നു. വർഷത്തിൽ ഫീൽഡ് തല പ്രതിരോധ കുത്തിവയ്പുകൾ നടത്തി പേ വിഷബാധ നിർമ്മാർജനവും നടത്തിയിരുന്നു. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പദ്ധതി കാര്യക്ഷമമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.