k-surendran

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ സസ്പെൻഡ് ചെയ്താലും മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപ്പെടാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേസിന്റെ കുന്തമുന തറയ്ക്കുന്നത് മുഖ്യമന്ത്രിയിലേക്കു തന്നെയാണ്. ശിവശങ്കർ മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും ഈ സ്വർണക്കടത്തുമായി ബന്ധമുണ്ട്. അരുൺ ബാലചന്ദ്രന്റെ മലക്കംമറിച്ചിൽ രക്ഷപ്പെടാൻ വേണ്ടിയാണ്. സ്വർണക്കടത്തുകാർക്കായി ഫ്ലാറ്ര് ബുക്ക് ചെയ്തത് പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് എൻ.ഐ.എയ്ക്കും സി.ബി.ഐക്കും മെയിൽ അയയ്ക്കുകയായിരുന്നു അരുൺ. സി.പി.എം സഹയാത്രികനായ ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുമായും സി.പി.എം നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ശിവശങ്കർ, അരുൺ ബാലചന്ദ്രർ, ജയശങ്കർ എന്നിവർ ചേർന്നാണ് ഐ.ടി വകുപ്പിലെ അനധികൃത നിയമനങ്ങൾ നടത്തിയത്. ഈ കൊവിഡ് കാലത്തും നിരവധി താത്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തി. സി.പി.എമ്മിന്റെ ആശ്രിതരായ അൻപതോളം പേരെ താത്കാലികമായി നിയമിച്ചിരുന്നു. യു.എ.ഇ നയതന്ത്ര പ്രതിനിധിയെ മന്ത്രി ജലീൽ വിളിച്ച് സംസാരിച്ചത് പ്രോട്ടോക്കോൾ ലംഘിച്ചാണ്. ഒരു മന്ത്രി മാത്രമല്ല, പല മന്ത്രിമാരും അദ്ദേഹത്തെ വിളിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.