കോഴിക്കോട്: വയനാട് ചുരം പാതയ്ക്ക് ബദലായി നിർമ്മിക്കുന്ന ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ അവസാനഘട്ട അലൈൻമെന്റ് തീരുമാനിക്കാൻ ഒരാഴ്ചക്കകം ഉദ്യോഗസ്ഥ തല യോഗം വിളിക്കുമെന്ന് ജോർജ് എം.തോമസ് എം.എൽ.എ പറഞ്ഞു. ഇതിന് മുന്നോടിയായി എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നിർദിഷ്ട പാത പോകുന്ന സ്ഥലങ്ങൾ സന്ദർശിച്ചു.
കൊങ്കൺ റെയിൽവേ കോർപ്പറേഷൻ നാല് അലൈൻമെന്റുകളാണ് തയ്യാറാക്കിയത്. ഇതിൽ അനുയോജ്യമായത് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
ആനക്കാംപൊയിൽ നിന്ന് തുടങ്ങി മേപ്പാടി- കൽപ്പറ്റ- ബത്തേരി മലയോര ഹൈവേയിലേക്ക് എത്തുന്ന പാതയ്ക്കാണ് കൂടുതൽ സാദ്ധ്യതയെന്ന് എം.എൽ.എ പറഞ്ഞു. 7.8 കിലോമീറ്റർ ദൂരമാണ് ഉണ്ടാവുക. നേരത്തെ 6.2 കിലോമീറ്റർ ദൂരമാണ് കണക്കാക്കിയിരുന്നത്.
പുതിയ അലൈൻമെന്റ് പ്രകാരം ഒന്നര കിലോമീറ്ററോളം ദൂരം വർദ്ധിക്കും.ഡി.പി.ആർ തയ്യാറായാൽ ഫീൽഡ് സർവേ, സാങ്കേതിക വശം എന്നിവയെല്ലാം പൂർത്തിയാക്കി ഉടൻ പ്രവൃത്തി ആരംഭിക്കും.
വനഭൂമി ഒഴിവാക്കിയാണ് പാത നിർമ്മിക്കുന്നത്. നേരത്തെ തീരുമാനിച്ച 6.2 കിലോമീറ്റർ ദൂരത്തിന് 658 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ അവസാനമായി ഏകദേശ തീരുമാനത്തിൽ എത്തിയ സ്ഥലത്ത് കൂടി തുരങ്ക പാത നിർമിക്കാൻ 200 കോടി രൂപ അധികം ചെലവ് വരുമെന്നും മൂന്ന് വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കിലോമീറ്ററിന് 150 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിന് അടുത്ത് സ്വർഗംകുന്നിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയിൽ അവസാനിക്കുന്നതാണ് പാത. വനഭൂമി നഷ്ടപ്പെടുത്താതെ മല തുരന്ന് രണ്ടു വരിയായി തുരങ്കവും തുരങ്കത്തെ ബന്ധിപ്പിച്ച് രണ്ട് വരി റോഡും കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ രണ്ടുവരി പാലവും നിർമിക്കുന്നതാണ് പദ്ധതി. താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടാണ് ബദൽ റോഡ്.