പേരാമ്പ്ര: കൊവിഡ് ബാധിതർ സന്ദർശിച്ച മേഖലയിലെ റോഡുകൾ അടച്ച് ജാഗ്രത കർശനമാക്കി. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 17, 18, 19 വാർഡുകൾ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 14,15,19 വാർഡുകളിലെ റോഡുകളാണ് അടച്ചത്.രോഗികൾ സന്ദർശിച്ച സ്ഥാപനങ്ങൾ അണുവിമുക്തമാക്കി. എരവട്ടൂരിലെ രോഗി സന്ദർശിച്ച പേരാമ്പ്രയിലെ ഗ്രാമീണ ബാങ്ക് അടച്ചു. സ്റ്റേറ്റ് ബാങ്ക് അണുവിമുക്തമാക്കി ദിവസം 150 പേർക്ക് ഇടപാട് നടത്താവുന്ന രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. വാർഡുകളിൽ പൊതുഗതാഗതം നിരോധിച്ചു. ഈ വാർഡുകളിൽ ഭക്ഷ്യ,അവശ്യ വസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളും മരുന്ന്ഷോപ്പുകളും രാവിലെ 10 മണിമുതൽ വൈകിട്ട് 6 മണിവരെ പ്രവർത്തിക്കും. വാർഡുകളിൽ മത്സ്യ-മാംസ കച്ചവടം പാടില്ല. രാത്രി 7 മണി മുതൽ രാവിലെ 5 മണി വരെ യാത്രകൾ നിരോധിച്ചു. പൊലീസ്, ഹോംഗാർഡ്, ഫയർ ആൻഡ് റസ്‌ക്യൂ, റവന്യൂ, ദുരന്ത നിവാരണ പ്രവർത്തനം, കൊവിഡ് പ്രതിരോധ പ്രവർത്തനം, താലൂക്ക് ഓഫീസ്, ട്രഷറി, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, തദ്ദേശഭരണ സ്ഥാപനങ്ങൾ, എ.ടി.എം ഒഴികെയുള്ള ഓഫീസുകൾ അടച്ചിടും. പേരാമ്പ്രയിലെ എരവട്ടൂർ കുട്ടോത്ത് റോഡ്,ആക്കൂപറമ്പ് ഇടക്കയിൽ റോഡ്, കൈവേലി എരവൂർ റോഡ് എന്നിവിടങ്ങളിൽ പൊലീസ് ജാഗ്രത തുടരുകയാണ്.