കൽപ്പറ്റ: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ പ്രവേശന പരീക്ഷ (കീം) ആരോഗ്യ വകുപ്പിന്റെ മുഴുവൻ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് നടത്തി. ജില്ലയിൽ അഞ്ച് സെന്ററുകളിലാണ് പരീക്ഷ നടന്നത്. പരീക്ഷാ കേന്ദ്രങ്ങൾ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയിരുന്നു.

രാവിലെ മുതൽ ഉച്ചവരെ നടന്ന പരീക്ഷയ്ക്ക് 1880 പേരാണ് അപേക്ഷിച്ചത്. ഇതിൽ 1577 പേർ പരീക്ഷ എഴുതി. ഉച്ച കഴിഞ്ഞ് നടന്ന പരീക്ഷയിൽ 1480 പേർ അപേക്ഷിച്ചതിൽ 1209 പേർ പരീക്ഷ എഴുതി.

മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് മുട്ടിൽ, കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ.

വിദ്യാർത്ഥികളെ സാമൂഹിക അകലം പാലിച്ച് നിർത്തുക, സാനിറ്റൈസർ നൽകുക, തെർമൽ സ്‌കാനിങ്, ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുക, വാഹന പാർക്കിംഗ് സൗകര്യം ഉറപ്പ് വരുത്തുക, ഭക്ഷണ ക്രമീകരണങ്ങൾ ഒരുക്കുക എന്നിവയ്ക്കായി സാമൂഹിക സന്നദ്ധ സേന പ്രവർത്തകരുടെ സേവനം ലഭ്യമാക്കിയിരുന്നു. പൊലീസ്, ആരോഗ്യ വകുപ്പ്, അധികൃതരുടെ സേവനവും ലഭിച്ചിരുന്നു. ശരീര ഊഷ്മാവ് പരിശോധിച്ചതിന് ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

സ്‌കൂൾ വളപ്പിൽ രക്ഷിതാക്കൾക്ക് പ്രവേശനം അനുവദിച്ചില്ല. വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കുന്നതിന് പ്രത്യേക മുറികളിൽ സൗകര്യം ഒരുക്കിയിരുന്നു.

ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്ന ഏഴ് വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി എത്തി. ഇവരെ പ്രത്യേകം സജ്ജീകരിച്ച മുറികളിലാണ് പരീക്ഷ എഴുതാൻ അനുവദിച്ചത്.