മുൻ വർഷത്തേക്കാൾ 42 കോടിയുടെ നഷ്ടം
കഴിഞ്ഞ മാസം ലഭിച്ചത് 6 കോടി മാത്രം
കോഴിക്കോട്: ലോക്ക് ഡൗൺ ഇളവുകളിൽ സർവീസ് നടത്തിയിട്ടും കെ.എസ്.ആർ.ടി.സിയ്ക്ക് കോടികളുടെ നഷ്ടം. ഇന്ധനവില വർദ്ധനയും യാത്രക്കാർ കുറഞ്ഞതുമാണ് കനത്ത തിരിച്ചടിയായത്. ബസുകളുടെ സമയക്രമം തെറ്റിയുളള ഓട്ടവും നഷ്ടത്തിന് ഇടയാക്കി. മുൻവർഷത്തെ താരതമ്യം ചെയ്താൽ ഉത്തരമേഖലയിൽ മാത്രം കഴിഞ്ഞ മാസം 42 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കഴിഞ്ഞമാസം 14637 സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയത്. അതുവഴി 6,25,96,410 രൂപയാണ് ലഭിച്ചത്. അതേസമയം കഴിഞ്ഞ വർഷം ജൂണിൽ നടത്തിയ 34,795 സർവീസുകളിൽ 48,90,46,589 രൂപയായിരുന്നു വരുമാനം. സർവീസുകളുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ട്. 6 ജില്ലകളിലെ 21 ഡിപ്പോകളിൽ പലതും കണ്ടെയ്ൻമെന്റ് സോണുകളായതിനാൽ അവ അടച്ചു പൂട്ടുകയും സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. 500ഓളം സർവീസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ലോക്ക് ഡൗണിന് ശേഷം മേയ് 20 മുതലാണ് കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചത്. രാവിലെയും വൈകീട്ടും മാത്രമാണ് കാര്യമായി യാത്രക്കാരുളളത്. ഒരു സീറ്റിൽ ഒരാൾക്ക് മാത്രമായിരുന്നു യാത്രാനുമതി. പല ജില്ലകളിലും കണ്ടെയ്ൻമെന്റ് സോണുകളുള്ളതിനാൽ കൃത്യമായി സർവീസ് നടത്താനും കഴിഞ്ഞില്ല.
ജൂൺ മൂന്ന് മുതൽ അന്തർ ജില്ലാ സർവീസുകളും ആരംഭിച്ചെങ്കിലും സമീപ ജില്ലയിലേക്ക് മാത്രമായിരുന്നു പ്രവേശനം.
റിലേ കട്ടായി റിലേ
ലോക്ക് ഡൗൺ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മലബാറിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ റിലേ സർവീസിനും തണുത്ത പ്രതികരണമായിരുന്നു. ആദ്യ ദിനങ്ങളിൽ യാത്രക്കാർ സഹകരിച്ചെങ്കിലും ക്രമേണ കുറഞ്ഞു. ആദ്യഘട്ടത്തിൽ 44 സർവീസുകളുള്ളത് പകുതിയായി കുറച്ചു.
രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ കോഴിക്കോട് - പാലക്കാട് റൂട്ടിലാണ് റിലേ സർവീസ് നടത്തുന്നത്. പൊതുഗതാഗതം പുനരാരംഭിച്ചെങ്കിലും സമീപ ജില്ലകളിലേക്ക് മാത്രം പ്രവേശനം നൽകിയ സാഹചര്യത്തിലാണ് ദീർഘദൂര യാത്രകൾക്കായി റിലേ സർവീസ് ആരംഭിച്ചത്.