സുൽത്താൻ ബത്തേരി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ ചെക്ക് പോസ്റ്റുകൾ വഴി ബത്തേരിയിലെത്തുന്നവർ ടൗണിലെ ഷോപ്പുകളിലും സ്ഥാപനങ്ങളിലും കയറുന്നതും ഇടപഴകുന്നതും തടയാൻ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെയും ട്രേഡ് യൂണിയനുകളുടെയും വ്യാപാരി സംഘടനകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. വഴിക്കണ്ണ് സ്റ്റിക്കർ പതിച്ച വാഹനങ്ങളിൽ വരുന്ന ആളുകൾ കടകളിലൂടെയും പട്ടണങ്ങളിലൂം ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
അതിർത്തി കടന്ന് എത്തുന്നവർക്ക് ഭക്ഷണം, കുടിവെള്ളം, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ ടൗണിന് പുറത്ത് ഏകീകൃത സ്വഭാവത്തിൽ ഹോട്ടലുകളും മറ്റും ഏർപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മടങ്ങിവരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ഉത്തരവാദിത്വം ആരുടെ ആവശ്യത്തിനാണോ വരുന്നത് അവർ പൂർണമായും ഏറ്റെടുക്കണം. വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് നിബന്ധനയനുസരിച്ച് മാത്രം തുറന്ന് പ്രവർത്തിക്കണം അല്ലാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
ഓട്ടോ-ടാക്സി, പൊതുഗതാഗതം എന്നിവയിലെ ഡ്രൈവർമാരുടെ സീറ്റ് പ്രത്യേക ക്യാബിനായി തിരിക്കണമെന്ന സർക്കാർ നിർദ്ദേശം നടപ്പിലാക്കണം. സവാരിക്ക് മുമ്പും പിമ്പും വാഹനം അണുവിമുക്തമാക്കണം. വാഹനത്തിൽ കയറുന്ന ആളുകൾക്ക് നിർബന്ധമായും സാനിറ്റൈസർ നൽകണം. ബസ് കണ്ടക്ടർമാർ മാസ്‌ക്കും കയ്യുറയും ധരിക്കണം. മാസ്‌ക് ധരിക്കാത്തവരെ വാഹനത്തിൽ കയറ്റാൻ പാടില്ല.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരമാവധി പാർസൽ സംവിധാനം ഉപയോഗപ്പെടുത്തണം. ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഏർപ്പെടുത്തിയ ഹോട്ടലുകളിൽ സാമൂഹിക അകലത്തിൽ ടേബിളുകൾ ക്രമീകരിക്കണം. ഓരോ തവണയും ഭക്ഷണം കഴിച്ചതിന് ശേഷം അണുവിമുക്തമാക്കണം.
ഫയർഫോഴ്സ് ഒന്നിടവിട്ട ദിവസങ്ങളിൽ ബസ് സ്റ്റാന്റ്, പൊതു ഇടങ്ങൾ എന്നിവ അണുവിമുക്തമാക്കും. മൽസ്യ -മാംസ മാർക്കറ്റുകളിൽ നിരന്തര പരിശോധനകൾ നടത്താനും അണു നശികരണം നടത്തുകയും ചെയ്യും.
യോഗത്തിൽ നഗരസഭ ചെയർമാൻ ടി.എൽ.സാബു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അഭിലാഷ് കൊവിഡ് സംബന്ധിച്ചും കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദീകരിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബാബു അബ്ദുൾ റഹ്മാൻ, കൗൺസിലർമാരായ എൻ.എം.വിജയൻ, പി.പി.അയൂബ്, എം.കെ.സാബു, തഹസിൽദാർ പി.എം.കുര്യൻ, നഗരസഭ സൂപ്രണ്ട് ജേക്കബ്ബ്‌ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്.സന്തോഷ്‌കുമാർ, പൊലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാർ, എ.ടി.ഒ ജയകുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രകാശൻ, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ എം.കെ.കുര്യൻ, ചെതലയം പി.എച്ച്.സി.മെഡിക്കൽ ഓഫീസർ ഡോ.നിഖില പൗലോസ്, ,പി.കെ.പ്രേമൻ, അനീഷ് ബി.നായർ, ഉമ്മർ കുണ്ടാട്ടിൽ, അബ്ദുൾഖാദർ എന്നിവർ പങ്കെടുത്തു.
ക്ഷേത്രകുളത്തിൽ പാമ്പിനെ കൊന്ന് ഇട്ടതായി പരാതി
കോളേരി: കോളേരി ശ്രീനാരായണ ഷൺമുഖ ക്ഷേത്രത്തിന്റെ കുളത്തിൽ സാമൂഹ്യദ്രോഹികൾ പാമ്പിനെ കൊന്ന് കൊണ്ടുവന്നിട്ടതായി പരാതി. കഴിഞ്ഞ ദിവസമാണ് പാമ്പിനെ കൊന്ന് ടിന്നിലടച്ചനിലയിൽ ക്ഷേത്രകുളത്തിൽ കണ്ടത്. ക്ഷേത്രജീവനക്കാരും ഭക്തരും ഈ വെള്ളമാണ് കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്. ക്ഷേത്രകുളവും പരിസരവും മാലിന്യം കൊണ്ടുവന്നിട്ട് മലിനമാക്കാൻ ഇതിന് മുമ്പും ശ്രമം നടന്നിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചത്തലത്തിൽ ഇത്തവണ ഇവിടെ വാവ് ബലി ഉണ്ടാവില്ല.