പേരാമ്പ്ര:എസ്.ബി.ഐയുടെ ചെരണ്ടത്തൂർ ശാഖ നൽകിയ ക്രഡിറ്റ് കാർഡിൽ നിന്ന് 61147.50 രൂപ നഷ്ടമായതായി കാണിച്ച് പയ്യോളി പൊലീസിൽ നൽകിയ പരാതിയിൽ രണ്ടുവർഷമായിട്ടും നടപടിയായില്ലെന്ന് ആരോപണം.വിമുക്തഭടനായ മണിയൂർ ചാലിൽ അനിലാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. എസ്.ബി.ഐ ചെരണ്ടത്തൂർ ബ്രാഞ്ചിലായിരുന്നു ഇയാളുടെ പെൻഷൻ അക്കൗണ്ട്. 2018 ജനുവരിയിൽ ബ്രാഞ്ചിൽ നിന്ന് എസ്.ബി .ഐ ക്രഡിറ്റ് കാർഡ് നൽകിയിരുന്നു. അന്യായമായ പിഴ വന്നതിനാൽ കാർഡ് റദ്ദാക്കാൻ ബാങ്കിനെ സമീപിച്ചു. 2018 സപ്തംബർ 11ന് ഫ്ലിപ്കാർട്ടിൽ നിന്ന് 41995 രൂപയ്ക്ക് പർച്ചേയ്സ് ചെയ്തതായി കാണിച്ച് സന്ദേശം വന്നു. പ്രസ്തുത തിയ്യതിക്കോ മുൻപോ ഓൺലൈൻ പർച്ചേസിംഗ് നടത്തിയിട്ടില്ലെന്ന് ഇയാൾ പറയുന്നു.സൈബർ തട്ടിപ്പിനെതിരെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് നടന്നു വരികയാണ്. 2020 ജൂൺ 29ന് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനായി മാനേജരെ സമീപിച്ചപ്പോൾ 50000 രൂപയ്ക്ക് മുകളിൽ തുക പിൻവലിക്കണമെങ്കിൽ ചെക്ക് നിർബദ്ധമെന്ന മറുപടിയാണ് ലഭിച്ചതെന്നും 10 മിനുറ്റിനകം ചെക്കുമായി എത്തിയപ്പോൾ 6114 7.50 രൂപ ക്രഡിറ്റ് കാർഡുകാർ എടുത്തതായാണ് മാനേജർ അറിയിച്ചതെന്നും പറയുന്നു. കോടതിയിൽ കേസ് നടക്കുന്നതിനാൽ അക്കൗണ്ട്‌ ഹോൾഡ് ചെയ്യാൻ അപേക്ഷ നൽകുകയും ബാങ്ക് അനുവദിക്കുകയും ചെയ്തതാണ്. എന്നിട്ടും അക്കൗണ്ടിൽ നിന്ന് തുക പിൻവലിച്ചതിന് ഉത്തരവാദി ബാങ്ക് മാനേജറാണെന്നും ബാങ്കിനും മാനേജർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ഇയാൾ പരാതിയിൽ പറഞ്ഞിരുന്നത്. 2018 ഒക്ടോബർ 30നാണ് പയ്യോളി പൊലീസിൽ പരാതി നൽകിയത്. എസ്.ബി.ഐ ചെരണ്ടത്തൂർ ബ്രാഞ്ചിനും പരാതി നൽകിയതായി ഇയാൾ പറയുന്നു.