പുൽപ്പള്ളി: പെരിക്കല്ലൂർ വരവൂരിൽ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാന വൻ നാശം വിതച്ചു. കർണാടക വനത്തിൽ നിന്ന് കബനി നീന്തിക്കടന്ന് കൃഷിയിടങ്ങളിലിറങ്ങിയ ആന പതിനായിരക്കണക്കിന് രൂപയുടെ കൃഷിനാശമാണ് വരുത്തിയത്.
കഴിഞ്ഞ കുറേ നാളുകളായി ആനശല്യം ഇല്ലാതിരുന്ന പ്രദേശമാണിത്. ഇളംതുരുത്തിയിൽ ജോയിയുടെ വീടിനോട് ചേർന്നുള്ള മരച്ചീനി കൃഷിയും വിളയത്തുമാലിൽ സണ്ണി, മാത്തുക്കുട്ടി എന്നിവരുടെ വാഴത്തോട്ടവുമാണ് ആന നശിപ്പിച്ചത്.
മഴ ശക്തമാകുന്നതോടെ എല്ലാ വർഷവും ഈ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകാറുണ്ട്. അതിർത്തിയിൽ കാര്യമായ പ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. ഫെൻസിംഗ് തകർന്ന നിലയിലാണ്. പുൽപ്പള്ളി കാപ്പിക്കുന്നിലും കാട്ടാനകളുടെ വിളയാട്ടമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ചാലക്കുടി ടോമിയുടെ വാഴത്തോട്ടം തീർത്തും നശിപ്പിച്ചാണ് കാട്ടാനകൾ മടങ്ങിയത്.
കഴിഞ്ഞ ആഴ്ച മരകാവ് സെന്റ് തോമസ് പള്ളിയുടെ തോട്ടത്തിലെ നൂറുകണക്കിന് വാഴകൾ കാട്ടാനകൾ നശിപ്പിച്ചു. വേലിയമ്പത്തും കഴിഞ്ഞ രണ്ടാഴ്ചയായി ആനശല്യം വർദ്ധിച്ചിരിക്കുകയാണ്. വനാതിർത്തികളിൽ ഫെൻസിംഗ് പ്രവർത്തനം കാര്യക്ഷമമല്ല. ചിലയിടങ്ങളിൽ ട്രഞ്ച് മറികടന്നാണ് ആനകൾ എത്തുന്നത്.
കാട്ടാനകൾക്കുപുറമെ പന്നി, മാൻ, കുരങ്ങ് എന്നിവയുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം വന്യജീവി ശല്യം കൂടിവരികയാണ്.
(ഫോട്ടൊ- 1 പെരിക്കല്ലൂർ വരവൂരിൽ കാട്ടാന കൃഷിയിടങ്ങളിൽ വരുത്തിയ നാശം.
പുൽപ്പള്ളി കാപ്പിക്കുന്നിൽ കാട്ടാന നശിപ്പിച്ച വാഴത്തോട്ടം.)
പുൽപ്പള്ളി -