ചെറുപ്പത്തിൽ പോളിസ്റ്റർ തുണിയ്ക്ക് പൈസ ചോദിച്ചപ്പോൾ വാപ്പയുടെ മറുപടി ഇങ്ങനെയായിരുന്നു; തിളങ്ങുന്ന കുപ്പായം നീ അദ്ധ്വാനിച്ച് പണമുണ്ടാക്കി വാങ്ങ്...
കേട്ടപ്പോൾ ആദ്യം സങ്കടം തോന്നിയെങ്കിലും അതൊരു വെല്ലുവിളിയെന്നോണം മനസ്സിൽ നിറഞ്ഞു. വെല്ലുവിളികൾ ഏറ്റെടുക്കുമ്പോഴാണ് ജീവിതം കരുപ്പിടിപ്പിക്കാനാവുകയെന്ന് വൈകാതെ പഠിച്ചു. അതിലൂടെ ബിസിനസുകാരനായി വളർന്നു. ആ വളർച്ചയിലും പുതിയ ആശയങ്ങൾക്കു പിറകെയുള്ള സഞ്ചാരത്തിലാണ് അബ്ദുൽ നാസർ. ഇന്നിപ്പോൾ വിദേശത്തും കേരളത്തിലുമായി നാലു സൂപ്പർ മാർക്കറ്റുകളുണ്ട് കുന്ദമംഗലം പിലാശ്ശേരിയിലെ ഇ.കെ.അബ്ദുൽ നാസറിന്. മരുഭൂമിയിലെ കഷ്ടപ്പാടുകളിൽ നിന്ന് കെട്ടിപ്പടുത്തതാണ് ഇദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം. കൈമുതലെന്നു പറയാൻ ആത്മധൈര്യവും കഠിനാദ്ധ്വാനവും മാത്രം.
@ ഡ്രൈവറായില്ല ; ഉടമയായി
സാധാരണ കർഷക കുടുംബത്തിൽ ജനിച്ച അബ്ദുൾ നാസറിന് കുട്ടിക്കാലത്തെ വലിയ മോഹം ബസ് ഡ്രൈവറാവുക എന്നതായിരുന്നു. മുതിർന്നപ്പോൾ കോഴിക്കോട് നടക്കാവിൽ ലോറി ക്ലീനറായി തുടങ്ങിയത് ആ ലക്ഷ്യത്തോടെയാണ്. ജോലിയിൽ കയറി മൂന്ന് മാസം കഴിഞ്ഞിട്ടും ഡ്രൈവറാവാൻ പെട്ടെന്നു കഴിയില്ലെന്ന് മനസ്സിലായതോടെ അത് ഉപക്ഷേിച്ച് വയനാട്ടിലേക്ക് വണ്ടി കയറി. സുൽത്താൻ ബത്തേരിയിൽ കാലിച്ചാക്കിന്റെ ബിസിനസ്സ് ആരംഭിച്ചു. പിന്നെ, ഏതൊരു മലയാളിയെയും പോലെ നിറമാർന്ന സ്വപ്നങ്ങളുമായി ഗൾഫിലേക്ക്. 1992- ൽ സൗദിയിൽ റിയാദിലെ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ എതോ മായലോകത്ത് എത്തിപ്പെട്ടതു പോലെയായിരുന്നു. അവിടെ തോട്ടത്തിലായിരുന്നു പണി. രണ്ട് ദിവസം പകലന്തിയോളം പണിയെടുത്തപ്പോഴേക്കും എങ്ങനെയും നാട്ടിലേക്ക് മടങ്ങിയാൽ മതിയെന്നു തോന്നി. എന്നാൽ, വാപ്പയുടെ കൈയിൽ നിന്നു വാങ്ങിയ പതിനായിരത്തിന്റെ കാര്യം ഒാർത്തപ്പോൾ എല്ലാ പ്രയാസങ്ങളും മറന്നു. പണമുണ്ടാക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്നു ഉറപ്പിച്ചു. രാത്രിയും പകലാക്കി മരുഭൂമിയിൽ പണിയെടുത്തു. കറന്റ് പോലുമില്ലാത്ത അവിടെ ആറു മാസത്തോളമുണ്ടായിരുന്നു. പീന്നിട് കാർപെന്ററായി ജോലിയിൽ മാറ്റം. നാട്ടിൽ തിരിച്ചെത്തി വാപ്പയ്ക്ക് പതിനായിരം രൂപ തിരിച്ചു നൽകുമ്പോൾ അനുഭവിച്ച സന്തോഷം മറക്കാനാവില്ല. ആ വരവിന് ശേഷം നാട്ടിൽ നിന്ന് മടങ്ങുന്നത് കമ്പനി വിസയിലാണ്. ബിസിനസിലെ താത്പര്യം കണ്ടറിഞ്ഞാവണം കമ്പനി മുതലാളി പല ബിസിനസിലും ഒപ്പം ചേർത്തു നിറുത്തി.
ഏറെ വൈകിയില്ല. 1995-ൽ സൂപ്പർ മാർക്കറ്റിന്റെ ചുമതല ഏല്പിച്ചു അദ്ദേഹം. കുറച്ച് മാസങ്ങൾ ശമ്പളക്കാരാനായി ജോലി ചെയ്തു. പിന്നെ ആ സൂപ്പർ മാർക്കറ്റ് സ്വയം ഏറ്റെടുത്തു. അതായിരുന്നു ബിസിനസിന്റെ തുടക്കം. എട്ടു വർഷത്തോളം അവിടെ തന്നെ. വാഹനങ്ങളുടെ ബിസിനസുമുണ്ടായിരുന്നു ഒപ്പം. സഹോദരൻ ഷറഫുദ്ദിന്റെ പ്രേരണയിലും സഹകരണത്തോടെയും നാട്ടിലും സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയത്. അദ്ദേഹം സ്ഥാപനത്തിന്റെ ഡയറക്ടർകൂടിയാണ്. കുന്ദമംഗലത്തും കുറ്റിക്കാട്ടൂരിലെയും സൂപ്പർ മാർക്കറ്റുകളിലായി ഏതാണ്ട് 70 പേർ ജോലി ചെയ്യുന്നുണ്ട് ഇപ്പോൾ.ബസ് ഡ്രൈവറാവാൻ കഴിഞ്ഞില്ലെങ്കിലും ഇതിനിടയ്ക്ക് ബസ് ഉടമയായി മാറി. പാറപ്പുറം, ഇ.കെ.എൻ ബാനൂസ് എന്നീ പേരുകളിലായി പിലാശ്ശേരി ഭാഗത്തേക്ക് 7 ബസ് സർവീസുകൾ തുടങ്ങാൻ കഴിഞ്ഞു.
@ വെറുതെയിരിക്കണ്ട ഈ കൊവിഡ് കാലത്ത്
കൊവിഡ് പശ്ചാത്തലത്തിൽ കച്ചവടക്കാരും , തൊഴിലാളികളും , തുടങ്ങിയ പല മേഖലകളിലുള്ളവർ സാമ്പ ത്തികമായും , മാനസികമായും പ്രയാസമനുഭവപ്പെടുന്നുണ്ട്. വെറുതെയിരിക്കുമ്പോഴാണ് വിഷാദ രോഗത്തിനെല്ലാം അടിമപ്പെടുന്നത്. മുഴുവൻ സമയം എന്തെങ്കിലും കാര്യത്തിൽ മുഴുകി, ഇഷ്ടമുള്ള കാര്യങ്ങൾ കൂടുതലായി ചെയ്യാൻ ശ്രമിക്കണമെന്നാണ് അബ്ദുൾ നാസർ പറയുന്നത്.ഈ സമയവും കടന്നുപോകും എന്നോർക്കുക.
@ ലക്സസ് ഹൈപ്പർ മാർക്കറ്റ്
കുന്ദമംഗലത്തും കുറ്രിക്കാട്ടൂരിലും ലക്സസ് ഹൈപ്പർ മാർക്കറ്റ് രണ്ട് നിലകളിലായാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് പുതിയ ഷോപ്പിംഗ് അനുഭവം പകർന്നേകുന്ന തരത്തിലാണ് ഇവയുടെ രൂപകല്പന.
പുതുതായി രണ്ട് ഹൈപ്പർ മാർക്കറ്റ് കൂടി തുടങ്ങാൻ പദ്ധതിയുണ്ട്.
സവിശേഷകൾ
മിതമായ വില
ഹോം ഡെലിവറി
ആഴ്ചയിൽ ഒരു ദിവസം പ്രത്യേക ഒാഫർ
ഒാൺലൈൻ പേമെന്റ് സൗകര്യം
@ വിടാതെ കൃഷിയും
വാപ്പയുടെ കൃഷിപ്പണി നാസറിന്റെ ബാല്യകാലഓർമ്മകളിൽ നിറം മങ്ങാതെയുണ്ട്. ഒാർമ്മ വെച്ച നാൾ മുതൽ കൃഷി ആവേശമാണ്. വ്യാപാര - വാണിജ്യ രംഗത്ത് ശ്രദ്ധയൂന്നിയപ്പോഴും കൃഷി കൈവിട്ടില്ല. നാട്ടിലുള്ളപ്പോൾ എത്ര തിരക്കിനിടയിലും ദിവസം രണ്ടു മൂന്ന് മണിക്കൂറെങ്കിലും കൃഷിയിടത്തിൽ ചെലവഴിച്ചില്ലെങ്കിൽ ഉറക്കം വരില്ലെന്നാണ് നാസർ പറയുന്നത്. വ്യത്യസ്ത സ്ഥലങ്ങളിൽ കൃഷിയുണ്ട്. നാടൻ പച്ചക്കറികൾക്കു പുറമെ വാഴ, കപ്പ തുടങ്ങിയവയാണ് മുഖ്യമായും. രണ്ട് ഹൈപ്പർ മാർക്കറ്റിലേക്കുമുള്ള പച്ചക്കറികൾ കാര്യമായും ഈ തോട്ടത്തിൽ നിന്നാണ് എത്തിക്കുന്നത്.
@ കുടുംബം
പാറപ്പുറം മുഹമ്മദ് ഹാജി - നബീസ ദമ്പതികളുടെ മൂത്ത മകനാണ് ഇ.കെ.അബ്ദുൽ നാസർ. ഭാര്യ തസ്നി ബാനു. മക്കൾ: ഹിബ, അനസ് , റാഷിദ്, റഷ.