വടകര: അഴിയൂർ പഞ്ചായത്തിലെ 18 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായതോടെ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന മാഹി, ഏറാമല, ഒഞ്ചിയം അതിർത്തികൾ പൊലീസ് അടച്ചു. ഉറവിടം കണ്ടെത്താൻ കഴിയാത്ത കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി. രോഗി സന്ദർശിച്ച കല്ലാമല യു.പി സ്കൂൾ പൂർണമായും അടയ്ക്കാനും ആർ.ആർ.ടി യോഗം തീരുമാനിച്ചു. സമ്പർക്ക സാധ്യതയുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. മുക്കാളി ജുമാഅത്ത് പള്ളിയിൽ ജുമാ നിസ്കാരത്തിന് രോഗി പോയതിനാൽ അന്നേ ദിവസം പള്ളിയിലെത്തിയ 100 പേരോട് കോറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു. പഞ്ചായത്തിലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയാക്കി. ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല.ഹോട്ടലുകൾ പാഴ്സൽ മാത്രം. ജീവനക്കാരുടെ പേര് വിവരം പഞ്ചായത്തിന് നൽകണം. പഞ്ചായത്ത് ഓഫീസിലെ പ്രവർത്തനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം. പൊതുജനങ്ങൾക്ക് ഹലോ അഴിയൂർ പദ്ധതിപ്രകാരം ഓൺലൈനായി സേവനങ്ങൾ ലഭ്യമാകും. 65 വയസ് കഴിഞ്ഞവർ പുറത്തിറങ്ങുന്നത് തടയാൻ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചു. ആർ.ആർ.ടി വളണ്ടിയർമാർക്ക് വാർഡുകളിൽ സഞ്ചരിക്കുന്നതിന് മൂന്ന് ഓട്ടോറിക്ഷ വീതം അനുമതി നൽകും. മുക്കാളിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാഴക്കുലകൾ കൊണ്ടുവരുന്ന വാഹനങ്ങൾ പഞ്ചായത്തിൽ പ്രവേശിപ്പിക്കില്ല. ബാങ്കുകൾ പ്രവർത്തിക്കില്ല. തട്ടുകടകൾ നിരോധിച്ചു. കുഞ്ഞിപ്പള്ളിയിൽ വാഹനങ്ങളിൽ പാർസൽ നൽകുന്ന കട പൂട്ടാൻ നിർദ്ദേം നൽകി. സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവ പരിശോധന ഉടൻ നടത്തണം. മുക്കാളി 11ാം വാർഡിലെ മുഴുവൻ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്ന് നൽകും. ആയുർവേദ ആശുപത്രി പ്രവർത്തനം ഓൺലൈനിലൂടെ മാത്രം. മരുന്നുകൾ ആർ.ആർ.ടി അംഗങ്ങൾ വീടുകളിലെത്തിക്കും. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അദ്ധ്യാപകർ ദേശീയപാതയിലെ പാർക്കിംഗ് നിയന്ത്രിക്കും. ആർ.ആർ.ടി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസ്മിന കല്ലേരി, സി.ഐ ടി.പി.സുമേഷ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, എസ് .ഐ നിഖിൽ, എച്ച് .ഐ .വി .കെ.ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.ഹലോ അഴിയൂരിലേക്ക് വിളിക്കേണ്ട നമ്പർ 9895043496, 96452439 22, 9961800589..