കൽപ്പറ്റ: ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് കരാറുകാരൻ വീടുകൾ നിർമ്മിച്ചതിനാലാണ് നൂൽപ്പുഴ പഞ്ചായത്തിലെ മൂന്ന് ഗുണഭോക്താക്കൾക്ക് ധനസഹായ തുകയിൽ ഒന്നാം ഗഡു ഒഴികെയുളളവ അനുവദിക്കാതി രുന്നതെന്ന് സുൽത്താൻ ബത്തേരി ബ്ലോക്ക് പട്ടികവർഗ്ഗ വികസന ഓഫീസർ സി. ഇസ്മയിൽ അറിയിച്ചു.

2016-17 വർഷത്തെ ജനറൽ ഹൗസിംഗ് പദ്ധതി പ്രകാരമുളള ഭവന നിർമ്മാണ പദ്ധതിയിൽ വീടിന്റെ തറപണി പൂർത്തീകരിച്ച ശേഷം നിശ്ചിത നിലവാരമില്ലാത്ത ഹോളോബ്ലോക്ക് ഉപയോഗിച്ച് ചുമർ കെട്ടുന്നത് തുടങ്ങിയപ്പോൾ തന്നെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഇടപെട്ട് നിർമ്മാണം വിലക്കിയിരുന്നു. എന്നാൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ നിർദ്ദേശം അവഗണിച്ച് ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് പണി പൂർത്തിയാക്കുകയായിരുന്നു.

ഭവന നിർമ്മാണത്തിന് ഉപയോഗിച്ച സിമന്റ് ഹോളോ ബ്ലോക്കിന്റെ ഗുണമേൻമ പരിശോധിച്ച് കൽപ്പറ്റ ഐ.ടി.ഡി.പിയിലെ അസിസ്റ്റന്റ് എഞ്ചിനിയർ നൽകിയ റിപ്പോർട്ടിൽ വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന തരം സിമന്റ് കട്ടകളല്ല ഉപയോഗിച്ചതെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭവന നിർമ്മാണ ഗ്രാന്റിന്റെ രണ്ട്, മൂന്ന്, നാല് ഗഡുക്കൾ അനുവദിക്കാതിരുന്നതെന്നും പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു.


10.5 കിലോ പഴയ പേനകൾ കൈമാറി
കൽപ്പറ്റ: രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പെൻ ബൂത്ത് പദ്ധതി പ്രകാരം ശേഖരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ പുനഃചംക്രമണത്തിനായി കൈമാറി. കലക്ട്രേറ്റിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പെൻ ബൂത്തിൽ നിന്ന് ശേഖരിച്ച 10.5 കിലോ പേനകളാണ് എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് കേരള സ്‌ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.സി. ബാവയ്ക്ക് കൈമാറിയത്.

പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷൻ, കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ തിരഞ്ഞെടുത്ത 70 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെൻ ബൂത്ത് പദ്ധതി നടപ്പിലാക്കുന്നുണ്ട്. ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻചാർജ് സുഭദ്രാ നായർ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.സുരേഷ് ബാബു, സ്‌ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ആറ്റക്കോയ എന്നിവർ പങ്കെടുത്തു.

(ചിത്രം)


ഹരിത കേരളം സ്വരൂപിച്ച പെൻ ബൂത്ത് പേനകൾ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് സ്‌ക്രാപ്പ് മർച്ചന്റ്സ് പ്രതിനിധികൾക്ക് കൈമാറുന്നു.


ആരോഗ്യ കേരളത്തിൽ
നിയമനം

കൽപ്പറ്റ: കൊവിഡ് പശ്ചാത്തലത്തിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യകേരളം, വയനാട് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റികളുടെ പകർപ്പ് സഹിതം ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം dpmwyndhr@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. തപാൽ വഴിയോ നേരിട്ടോ അപേക്ഷകൾ സ്വീകരിക്കില്ല. പ്രായപരിധി 01.04.2020 ന് 40 വയസ്സ് കവിയരുത്. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷയുടെ മുകൾ ഭാഗത്ത് വ്യക്തമാക്കണം.

തസ്തികകളും യോഗ്യതയും:

സ്റ്റാഫ് നഴ്സ് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നു ബി.എസ്.സി. നഴ്സിങ്/അംഗീകൃത നഴ്സിങ് സ്‌കൂളിൽ നിന്നും ജി.എൻ.എം. കോഴ്സ് ഇവയിൽ ഏതെങ്കിലും പാസ്സാവണം. കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം.
ലാബ് ടെക്നീഷ്യൻ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് പാസ്സായിരിക്കണം. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ രജിസ്‌ട്രേഷൻ.
റേഡിയോഗ്രാഫർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു രണ്ട് വർഷത്തെ റേഡിയോളജിക്കൽ ടെക്‌നോളജിയിൽ ഡിപ്ലോമ പാസ്സായിരിക്കണം. ഡയറക്‌ട്രേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ രജിസ്‌ട്രേഷൻ.
ഫാർമസിസ്റ്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഡി.ഫാം/ ബി.ഫാം പാസ്സായ ശേഷം കേരളാ ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ.
ഡാറ്റാ എൻട്രി ഓപറേറ്റർ അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്നു ബിരുദം. പി.ജി.ഡി.സി.എ. കോഴ്സ്.
ജെ.എച്ച്.ഐ ഹെൽത്ത് ഇൻസ്‌പെക്ടർ ഡ്‌പ്ലോമ കോഴ്സ്, കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ.


വൈദ്യുതി മുടങ്ങും

കൽപ്പറ്റ സെക്ഷനിലെ മുണ്ടേരി, മണിയങ്കോട്, പൊലിസ് ക്വാർട്ടേഴ്സ്ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.


മരം ലേലം

മീനങ്ങാടി ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് ക്യാമ്പസിൽ നിൽക്കുന്ന മരങ്ങൾ ജൂലൈ 28 നു രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോൺ 04936 247420