കൽപ്പറ്റ: കൊവിഡ്‌ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് കല്ലൂർ ഫെസിലിറ്റേഷൻ സെന്ററിൽനിന്ന് വാഹനത്തിൽ പതിച്ച 'വഴിക്കണ്ണ്' ജാഗ്രത സ്റ്റിക്കർ വരദൂർ പാലത്തിന് സമീപം റോഡിൽ പറിച്ചു കളഞ്ഞ കണ്ണൂർ കൂത്ത്പറമ്പ് മൂരിയാട് ദാറൽനഷാദ് വീട്ടിൽ എ.ബി.ലത്തീഫ്അബ്ദുള്ള (50) യുടെ പേരിൽ കമ്പളക്കാട്‌ പൊലീസ് കേരള എപിഡെമിക് ഡീസിസസ് ഓർഡിനൻസ് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.

ഇയാൾ 14ന് കർണാടകയിൽനിന്ന് കണ്ണൂരിലേക്ക് വന്നയാളാണ്. അയൽ സംസ്ഥനങ്ങളിൽനിന്നും വിദേശത്ത്നിന്നും വരുന്ന വാഹനങ്ങൾക്ക് കല്ലൂർ ഫെസിലിറ്റേഷൻ സെന്ററിലും മറ്റ് ജില്ലാ അതിർത്തികളിലും വച്ച് സ്റ്റിക്കർ പതിക്കുകയും വഴിലെവിടെയും നിർത്താൻ പാടില്ല എന്ന നിർദ്ദേശം നൽകിയിട്ടും അതു ലംഘിച്ച് കടകളിൽ കയറി സാധനങ്ങൾ വാങ്ങിയതിനും സ്റ്റിക്കർ നശിപ്പിച്ചു കളഞ്ഞതിനും ജില്ലയിൽ വിവിധ സ്‌റ്റേഷനുകളിലായി 17 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചില വ്യാപരസ്ഥാപനങ്ങൾ ജാഗ്രത പാലിക്കാതെ കച്ചവടം നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സ്റ്റിക്കർപതിച്ച വാഹനങ്ങൾ വഴിലെവിടെയെങ്കിലും നിർത്തിയിട്ടതായി കണ്ടാൽ ജനങ്ങൾ അടുത്തുള്ള പൊലീസ്‌സ്‌റ്റേഷനിൽ അറിയിക്കണമെന്നും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്നും ജില്ലാ പൊലീസ്‌മേധാവി ആർ. ഇളങ്കൊ അറിയിച്ചു.