കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. ജാഗ്രത സംബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പുറത്തിറക്കി. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. യാത്ര കഴിയുന്നതും ഒഴിവാക്കണം. ആളുകൾ കൂട്ടംകൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.ഗർഭിണികളും കുട്ടികളും മുതിർന്ന പൗരന്മാരും വീടിന് പുറത്തിറങ്ങാൻ പാടില്ല. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മൂക്കും വായും പൂർണമായും മറയത്തക്ക വിധം മാസ്ക് ധരിക്കണം. സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കണം. മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ വ്യാപാരികളും ജനങ്ങളും ശ്രദ്ധിക്കണം.കണ്ടൈയ്ൻമെന്റ് സോണിനകത്തെ അയൽ വീടുകൾ, ബന്ധുവീടുകൾ എന്നിവിടങ്ങളിലേക്കുളള സന്ദർശനം കർശനമായി ഒഴിവാക്കണം. കുട്ടികളും യുവാക്കളും സംഘം ചേർന്ന് വിനോദങ്ങളിലും കളികളിലും ഏർപ്പെടുന്നത് കർശനമായി ഒഴിവാക്കണം. അടിയന്തര സേവന വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ ഒഴികെ ജോലിക്കായി പുറത്തു പോകരുത്. രോഗവ്യാപനം കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധനകളുമായി ആളുകൾ സഹകരിക്കണം. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പ്രാദേശിക ആരോഗ്യ പ്രവർത്തകരെയോ, ജില്ലാ കൊവിഡ് നിയന്ത്രണ സെൽ നമ്പറായ 04952376063, 2371471 എന്നിവയിലോ ബന്ധപ്പെടണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.