മുക്കം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മുക്കം നഗരസഭ പ്രതിരോധം ശക്തമാക്കുന്നു. ക്വാറന്റൈനിൽ കഴിയുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കി. ചേന്ദമംഗലൂർ ഇസ്ലാഹിയ കോളേജ് പരിസരത്ത് ഇന്നലെ നടന്ന ക്യാമ്പിൽ 80 പേരുടെ സ്രവസാമ്പിളുകൾ ശേഖരിച്ചു. ഇതിനകം നടന്ന എട്ട് ക്യാമ്പുകളിൽ നിന്നായി 346 പേർ പരിശോധനയ്ക്ക് വിധേയരായി. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, പൊലീസ്, അഗ്നിരക്ഷാസേന, ലബോറട്ടറി ടെക്നീഷ്യൻമാർ, മാദ്ധ്യമ പ്രവർത്തകർ, ഹോട്ടൽ തൊഴിലാളികൾ, കയറ്റിറക്ക് തൊഴിലാളികൾ എന്നിങ്ങനെ എല്ലാ വിഭാഗം ആളുകളെയും പരിശോധിച്ചെങ്കിലും ആരിലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, ജനപ്രതിനിധികളായ ഷഫീക് മാടായി, എ. അബ്ദുൽ ഗഫൂർ, പി.പി. അനിൽകുമാർ, മെഡിക്കൽ ഓഫീസർമാരായ ഡോ. എം. മോഹൻ, ഡോ. സി.കെ. ഷാജി, ഡോ. സഫീനത്ത്, ഹെൽത്ത് സൂപ്പർവൈസർ കെ.പി. അബ്ദുള്ള, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, റോഷൻ ലാൽ, ജൂലിയ മോഹൻ, പി. സുധാകരൻ, രാജൻ ചൂരപ്ര, പി. റജീന തുടങ്ങിയവർ നേതൃത്വം നൽകി.