കോഴിക്കോട്: ഓൺലൈൻ പഠനം പടർന്നതോടെ മൊബൈൽ ഫോണുകൾക്കും ടാബ്‌ലറ്റുകൾക്കുമെന്ന പോലെ പെൻഡ്രൈവ്, മെമ്മറി കാർഡ് എന്നിവയ്ക്കും വിലയേറുന്നു. ചെറിയ നിരക്കിലുള്ളവയ്ക്ക് പോലും അൻപത് മുതൽ നൂറ് രൂപ വരെ കൂടിയിട്ടുണ്ട്.
കൊവിഡ് ലോക്ക് ഡൗണിൽ പൊതുവെ വരവ് കുറഞ്ഞതിനൊപ്പം ചൈനീസ് ഉത്പന്നങ്ങളുടെ ഒഴുക്ക് ഗണ്യമായി ഇടിഞ്ഞതും ഡിജിറ്രൽ വിപണിയിലെ വിലക്കയറ്റത്തിന് കാരണമായെന്ന വാദമാണ് വ്യാപാരികളുടേത്. എന്നാൽ, സാഹചര്യം മുതലെടുത്ത് വ്യാപാരികൾ വില വർദ്ധിപ്പിക്കുകയാണെന്ന ആക്ഷേപമാണ് ഉപഭോക്താക്കളുടെ പക്ഷത്തു നിന്ന്. ലോക്ക് ഡൗണിന് മുമ്പ് സ്റ്റോക്ക് ചെയ്തവയ്ക്ക് തന്നെ വില കൂട്ടിയിരിക്കുകയാണെന്നെ ആരോപണവുമുണ്ട്. പക്ഷേ, വ്യാപാരികൾ ഇത് നിഷേധിക്കുകയാണ്. പൂർണ ലോക്ക് ഡൗൺ വേളയിൽ വാടക ഇനത്തിലുൾപ്പെടെ വലിയ നഷ്ടം നേരിട്ടതാണെന്നിരിക്കെ, പരമാവധി കച്ചവടം നടത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അവർ പറയുന്നു.
ആമസോൺ, ഫ്ലിപ്പ് കാർട്ട് തുടങ്ങിയ ഓൺലൈൻ സങ്കേതങ്ങൾ ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ വ്യാപകമായി വില്പന നടത്തുമ്പോൾ റീട്ടെയിൽ കച്ചവടക്കാർക്ക് എങ്ങനെ വൻതോതിൽ വില വർദ്ധിപ്പിക്കാനാവുമെന്ന ചോദ്യമുയർത്തുകയാണ് വ്യാപാരികൾ. ബ്രാൻഡഡ് ഉത്പന്നങ്ങളുടെ പകുതി വിലയ്ക്ക് ചൈനീസ് ഉപകരണങ്ങൾ ലഭ്യമായിരുന്നു. കച്ചവടം നടക്കുമോ എന്ന ആശങ്കയിൽ പലരും ഇപ്പോൾ ചൈനീസ് ഉപകരണങ്ങൾ വിൽപനയ്ക്കായി എത്തിക്കുന്നില്ല.
ഓൺലൈൻ പഠനം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡിജിറ്റൽ വിപണി പ്രകടമായി ഉണർന്നിട്ടുണ്ട്. മൊബൈൽ ഫോണിനും ടാബ്‌ലറ്റിനും ലാപ് ടോപ്പിനുമെല്ലാം ആവശ്യക്കാരുടെ പ്രവാഹമായിരുന്നു ആദ്യഘട്ടത്തിൽ. ഈ ഉപകരണങ്ങൾക്ക് ഇപ്പോഴും ക്ഷാമം തുടരുന്നുണ്ട്. ചോദിച്ചു വരുന്ന ബ്രാൻഡ് ഉത്പന്നങ്ങൾ പലർക്കും ലഭ്യമാകുന്നില്ല. ഇതിനിടയ്ക്കാണ് കിട്ടാനുള്ളതിന് തന്നെ വില ഉയർന്നതും.
ഡിമാൻഡ് ഏറിയതോടെ മെമ്മറി കാർഡ്, പെൻ ഡ്രൈവ്, ഒ.ടി.ജി കേബിൾ, ഹെഡ് ഫോൺ, ചാർജർ, പവർ ബാങ്ക് തുടങ്ങിയവയ്ക്കെല്ലാം വില കൂടിയിരിക്കുകയാണ്. ബ്രാൻഡഡ‌് ഉത്പന്നങ്ങൾക്കുമുണ്ട് വിലക്കയറ്റം. കേടായ ഡിജിറ്റൽ ഉപകരണങ്ങളുടെ സർവീസ് കാര്യമായ കൂടിയപ്പോൾ ആക്സസറീസ് നിരയിലും വിലവർദ്ധന വന്നു. ചില കമ്പനികളുടെ പാർട്ടുകൾ പലതും കിട്ടാനുമില്ല. ഇതോടെ ചെറിയ കേടുപാടുകളുള്ള ഫോണുൾ പോലും നന്നാക്കിയെടുക്കാനാവുന്നില്ല.
മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമെല്ലാം ചൈനീസ് ഇതര കമ്പനികളിൽ നിന്ന് ലഭ്യമാകുമെങ്കിലും ചെറുകിട ഉപകരണങ്ങളിൽ മേധാവിത്വം ചൈനീസ് കമ്പനികൾക്ക് തന്നെയാണ്. ഇവയുടെ ഇറക്കുമതി ഇടിഞ്ഞതാണ് ക്ഷാമത്തിനിടയാക്കിയത്.
വില നിരക്ക് ഇങ്ങനെ
പെൻഡ്രൈവ് 16 ജി.ബി - 350 രൂപ മുതൽ
32 ജി.ബി - 450 രൂപ
64 ജി.ബി - 900 രൂപ
മെമ്മറി കാർഡ് 16 ജി.ബി - 350 രൂപ
32 ജി.ബി - 450 രൂപ
64 ജി.ബി - 900 രൂപ
ഒ.ടി.ജി കേബിൾ - 200 രൂപ
ചാർജർ - 250 രൂപ
ഹെഡ് ഫോൺ - 250 രൂപ