കോഴിക്കോട്: കൊവിഡ് കാലത്ത് വരുമാനം നിലച്ച് പാലിയേറ്റീവ് കെയർ സെന്ററുകൾ.കിടപ്പുരോഗികൾക്ക് ആശ്വാസമായെത്തുന്ന സംവിധാനമാണ് നിത്യ ചെലവുകൾക്ക് പോലും പ്രതിസന്ധിയിലായത്. വ്യാപാര സ്ഥാപനങ്ങളിലെ സംഭാവന പെട്ടികളിലൂടെയും ഉത്സവ സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനയുമായിരുന്നു ഇത്തരം സെന്ററുകൾക്ക് ആശ്രയം. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ എല്ലാം തകിടം മറിഞ്ഞു. വീടുകളിൽ പോയി പണം പിരിക്കാനും സാധിക്കാത്തതോടെ ദയനീയ സ്ഥിതിയിലായ രോഗികൾക്ക് മാത്രമാണ് പരിചരണം ലഭിക്കുന്നത്.
സ്ഥിര നിയമനത്തിലുള്ള നഴ്‌സ്, ഡ്രെെവർ, കരാറടിസ്ഥാനത്തിൽ ഒരു ഡോക്ടർ എന്നിവരടങ്ങുന്ന സംഘമാണ് വാഹനത്തിൽ രോഗികളുടെ വീട്ടിലെത്തി പരിചരണം നൽകുക. ഇവർക്ക് വേതനം നൽകാനും സാധിക്കുന്നില്ല. കൈയിൽ നിന്ന് പണം മുടക്കിയാണ് പലരും സേവനം നടത്തുന്നത്. സുരക്ഷയ്ക്ക് പി.പി.ഇ കിറ്റുകൾ വാങ്ങാൻ പോലും കഴിയാത്തതും ആശങ്കയാകുന്നു.
ജില്ലയിൽ സെന്ററുകൾ-70
നടത്തിപ്പ് ചെലവ് (മാസം)-1 ലക്ഷം
അവശ്യ മരുന്നും ജീവനക്കാരുടെ ശമ്പളവും സർക്കാർ നൽകണമെന്ന് ആവശ്യം
''ജില്ലയിലെ ക്ലിനിക്കുകൾ പ്രതിസന്ധിയിലാണ്. ദയനീയ സ്ഥിതിയിലായ രോഗികളുടെ അടുത്താണ് ഇപ്പോൾ പോകുന്നത്. സംഭാവനകൾ നിലച്ചതോടെ കെെയിൽ നിന്ന് പണമെടുത്തും കടം വാങ്ങിയുമാണ് മരുന്ന് നൽകുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്താൻ കഴിയില്ല ''
-മധു പൂക്കാട്
ജില്ലാ സെക്രട്ടറി, കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ