കോഴിക്കോട്: ജില്ലയിൽ ഇന്നലെ ഉച്ചവരെ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ബേപ്പൂർ, നല്ലളം, രാമനാട്ടുകര, ഫാറൂഖ് കോളേജ്, മാങ്കാവ്, പന്തീരാങ്കാവ്, കൊടൽനടക്കാവ് എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ബേപ്പൂരിൽ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി.
ശക്തമായ കാറ്റിൽ ചെറൂട്ടി റോഡിലെ കനറാ ബാങ്കിന്റെ പഴയ കെട്ടിടത്തിന്റെ മുകളിലുള്ള ഷീറ്റുകൾ ഫാത്തിമാ കോംപ്ലക്‌സിന് മുകളിൽ വീണു. ബീച്ച് ഫയർഫോഴ്‌സ് എത്തി ഷീറ്റുകൾ മുറിച്ചു മാറ്റി. സ്‌റ്റേഷൻ ഓഫീസർ പി. സതീഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. വീണ മരങ്ങൾ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മുറിച്ചു മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പാവമണി റോഡ്, മാവൂർ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം പ്രതിസന്ധിയിലായി.
നഗരത്തിൽ മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമായില്ലെന്ന ആക്ഷേപം ഉണ്ട്. മാവൂർ റോഡിലെ ഡ്രൈനേജ് പ്രവൃത്തി വൈകുന്നതിനെതിരെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വിമർശനം ഉണ്ടായിരുന്നു. പെട്ടന്ന് തന്നെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് മേയർ പറയുമ്പോഴും പ്രവൃത്തി പാതി വഴിയിൽ തന്നെയാണ്. മലയോര മേഖലകളിലും കനത്ത മഴയുണ്ടായി. ദുരന്ത നിവാരണ വിഭാഗമുൾപ്പെടെ അടിയന്തിരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സജ്ജമാക്കിയിട്ടുണ്ട്.