കോഴിക്കോട്: കോതി പുനരധിവാസവുമായി ബന്ധപ്പെട്ട് മാറ്റി താമസിപ്പിച്ചവർക്ക് ആധാരം നൽകി തുടങ്ങി. കോതി പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം നൽകിയവരെ നഗരസഭ പുനരധിവസിപ്പിച്ചെങ്കിലും ആധാരം പത്ത് വർഷമായി നഗരസഭയുടെ കൈവശമായിരുന്നു. കാലാവധി പൂർത്തിയാക്കിയതോടെ ഇന്നലെ രാവിലെ 11 മണിക്ക് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മേയർ തോട്ടത്തിൽ രവീന്ദ്രൻ ആധാരം കൈമാറി.

അഞ്ച് പേർക്കാണ് കോതിപാലം അംഗൻവാടിയിലെ ചടങ്ങിൽ ആധാരം കൈമാറിയത്. ബാക്കിയുള്ള 57 പേരുടെ ആധാരം തുടർ ദിവസങ്ങളിൽ നൽകും. സ്ഥലം ഉടമ മരണപ്പെട്ട ഗുണഭോക്താക്കളുടെ ആധാരം തിരിച്ചു നൽകുന്നതിന് അവകാശ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡിന്റെ കോപ്പി സഹിതം നഗരസഭയിൽ അപേക്ഷ നൽകണം.

പുനരധിവസിപ്പിച്ചവരുടെ പേരിൽ നഗരസഭ വാങ്ങിയ സ്ഥലത്ത് ഐ.എച്ച്.എസ്.ഡി.പി പദ്ധതിയിലാണ് വീട് നിർമ്മിച്ചത്. മറ്റു വാർഡുകളിലും ഈ പദ്ധതിയിൽ വീട് അനുവദിച്ചിരുന്നു. ഇതിൽ പത്ത് വർഷം കാലാവധി പൂർത്തിയാക്കിയ എല്ലാവരുടെയും ആധാരങ്ങൾ കോർപ്പറേഷൻ കുടുംബശ്രീ വിഭാഗത്തിൽ നിന്നും വിതരണം ചെയ്യും. ചടങ്ങിൽ വാർഡ് കൗൺസിലർ സി.കെ സീനത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അനിതാ രാജൻ, നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ എം.സി. അനിൽ കുമാർ, കുടുംബശ്രീ പ്രൊജക്ട് ഓഫീസർ ടി.കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.