കൽപ്പറ്റ: കാരാപ്പുഴ, ബാണാസുര സാഗർ ഡാമുകൾക്ക് വേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്യാനൊരുങ്ങുമ്പോൾ എം.എൽ.എ യും ജില്ലാ ഭരണകൂടവും ജനങ്ങളോട് മാപ്പ് പറയണമെന്ന് കിസാൻ മോർച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെ നാമമാത്രമായ ഭൂമിയിൽ താമസിക്കുന്നവരും ആദിവാസികളും പാവപ്പെട്ടവരും കൃഷി ചെയ്തപ്പോൾ അണക്കെട്ടിന് ബലക്ഷയം സംഭവിക്കുമെന്നു പറഞ്ഞ് ഇവരുടെ വാഴയും ചേമ്പും ചേനയും ഇഞ്ചിയും നെല്ലും പച്ചക്കറികളും നശിപ്പിക്കുകയും കേസെടുക്കുകയും ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്താൽ ഡാം സുരക്ഷയെ ബാധിക്കില്ലേ എന്ന് വ്യക്തമാക്കണം. പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി അതിന് ഉപയോഗിക്കുന്നില്ലെങ്കിൽ ഉടമസ്ഥരായ കർഷകർക്ക് തിരിച്ച് നൽകണം. അതല്ലെങ്കിൽ നാമമാത്രമായ ഭൂമിയിൽ താമസിക്കുന്നവർക്ക് സഹായം നൽകി കൃഷി ചെയ്യിക്കണം.
കിസാൻ മോർച്ച ജില്ലാ പ്രസിഡന്റ് ആരോട രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി.കെ.മാധവൻ, കെ.ശ്രീനിവാസൻ, എം.ബി.നന്ദനൻ, എടക്കണ്ടി വേണു, സി.ആർ.ഷാജി, ജയചന്ദ്രൻ വളേരി എന്നിവർ സംസാരിച്ചു.