കൽപ്പറ്റ: ഉഴിച്ചിൽ കേന്ദ്രത്തിൽ മലമാനിനെ കൊന്ന് ഇറച്ചിയാക്കി സൂക്ഷിച്ചനിലയിൽ കണ്ടെത്തി. വൈത്തിരി തലയ്ക്കൽ ചന്തുസ്മാരക ഉഴിച്ചിൽ കേന്ദ്രത്തിന്റെ കെട്ടിടത്തിൽനിന്നാണ് ഇത് പിടികൂടിയത്.
കൽപറ്റ ഫ്ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം പത്മനാഭന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് 15 കിലോഗ്രാം മലമാനിന്റെ ഇറച്ചി കണ്ടെത്തിയത്. 1972-ലെ വന്യജീവി സംരക്ഷണം നിയമ പ്രകാരം ഷെഡ്യൂൾ-3ൽ പെട്ടതാണ് മലമാൻ.
സംഭവത്തിൽ പള്ളിയറ, പൂന്തോട്ടം ശിവദാസൻ, അരമ്പറ്റക്കുന്ന്, ചൂരൽമൂല ബാബു എന്നിവരെ പിടികൂടി. കെട്ടിടത്തിൽ നിന്ന് മുള്ളൻപന്നിയുടെ മുള്ളുകളും 3 വില്ലുകളും 9 കത്തിയമ്പുകളും ഒരു മൊട്ട് അമ്പും 2 സെർച്ച്‌ലൈറ്റുകളും കണ്ടെടുത്തു.
പ്രതികളേയും പിടികൂടിയ സാധനങ്ങളും തുടരന്വേഷണങ്ങൾക്കായി മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി.
സംഭവത്തിൽ മറ്റുപ്രതികളായ ഉഴിച്ചിൽ കേന്ദ്രം നടത്തുന്ന ബാലകൃഷ്ണൻ, സഹായികളായ കിഷോർ, മോഹനൻ, കേശവൻ എന്നിവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.
കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ലോക്ക്ഡൗണിന്റെ മറവിൽ ജില്ലയിൽ വന്യമൃഗവേട്ട നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശനമായ നിരീക്ഷണങ്ങളും നടപടികളും നടത്തിവരുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം പത്മനാഭൻ, ബീറ്റ്‌ഫോറസ്റ്റ് ഓഫീസർമാരായ സി.രജീഷ്, ജസ്റ്റിൻ ഹോൾഡൻ ഡിറൊസാരിയോ, ജോമി ആന്റണി, വി.പി.വിഷ്ണു, എന്നിവർ പരിശോധനയിൽ പങ്കെടുത്തു.