സുൽത്താൻ ബത്തേരി: രാത്രിയാത്രാ നിരോധനത്തിന് പരിഹാരമെന്ന നിലയിൽ കുട്ട-ഗോണിക്കുപ്പ ബദൽപ്പാത ദേശീയപാതയാക്കാനുള്ള ശ്രമത്തിൽനിന്ന് കേന്ദ്ര-കേരള സർക്കാരുകൾ പിന്തിരിയണമെന്ന് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
കണ്ണൂർ സ്വകാര്യ വിമാനത്താവളത്തിൽനിന്ന് മൈസൂറിലേക്കുള്ള ദേശീയപാത രാത്രിയാത്രാ നിരോധനത്തിന്റെ മറവിൽ സാധിച്ചെടുക്കാനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിവന്നിരുന്നതാണ്.

കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്ത തലശ്ശേരി-മൈസൂർ റെയിൽപാതക്കുവേണ്ടി എല്ലാ അനുമതികളും ലഭിച്ച നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത അട്ടിമറിച്ചതും ഡി.എം.ആർ.സിയേയും ഡോ:ഇ.ശ്രീധരനേയും കേരള സർക്കാരിന്റെ എല്ലാ പ്രോജക്ടുകളിൽനിന്നും പുറത്താക്കിയതും ഈ ഉപജാപക സംഘമാണ്.

കുട്ട-ഗോണിക്കുപ്പ വഴിയുള്ള ദേശീയപാതയ്ക്കായുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് കണ്ടാണ് ഇപ്പോൾ മൈസൂർ-മലപ്പുറം ദേശീയപാതയുമായി രംഗത്തിറങ്ങിയിട്ടുള്ളത്. മലപ്പുറത്തു നിന്ന് മൈസൂറിലേക്കുള്ള ഏറ്റവും എളുപ്പവഴി നിലവിലുള്ള ദേശീയപാത 766 തന്നെയാണ്.

വയനാട് വന്യജീവി സങ്കേതത്തിന്റെയും നാഗർഹോള കടുവാ സങ്കേതത്തിന്റെയും അതീവ പരിസ്ഥിതി ലോല പ്രദേശത്തുകൂടി കടന്നുപോകുന്നതാണ് കുട്ട-ഗോണിക്കുപ്പ പാത. ആക്ഷൻ കമ്മറ്റി യോഗത്തിൽ അഡ്വ:ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാൽ, പി.വൈ.മത്തായി, ജോസ് കപ്യാർമല, ജോയിച്ചൻ വർഗ്ഗീസ്, സംഷാദ്, ഡോ:തോമസ് മാത്യു, ജേക്കബ് ബത്തേരി, മോഹൻ നവരംഗ്, നാസർ കാസിം എന്നിവർ പ്രസംഗിച്ചു.