കോഴിക്കോട്: ലോക്ക് ഡൗണിൽ ജീവിതം വഴിമുട്ടി ജില്ലയിലെ നൂറോളം വീട്ടുജോലിക്കാർ. കൊവിഡ് ഭീതി മൂലം പുറത്തു നിന്ന് ജോലിക്കാരെയെടുക്കാൻ വീട്ടുകാർ തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പാർട്ട് ടൈം വ്യവസ്ഥയിൽ വീടുകളിലും ഫ്ളാറ്റുകളിലും ഒരേ ദിവസം ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ തിരിച്ചടി. മിക്ക വീടുകളും ഇവർക്ക് മുന്നിൽ കൊട്ടിയടച്ചിരിക്കുകയാണ്. അടുക്കള ജോലി, രോഗീ പരിചരണം, പ്രസവ ശുശ്രൂഷ തുടങ്ങിയ വിവിധതരം ജോലികൾക്ക് ആളുകളെ നൽകിയിരുന്ന ഏജൻസികളുടെ പ്രവർത്തനവും താളംതെറ്റി. നേരത്തെ ജോലിക്ക് നിന്നിരുന്ന വീട്ടുകാരുടെ സഹായം ചിലർക്ക് ആശ്വാസമാകുന്നുണ്ട്. വിധവകളും ഭർത്താവ് ഉപേക്ഷിച്ച് പോയവരുമാണ് ജോലിക്കാരിൽ ഭൂരിഭാഗവും ഇവരുടെ കുടുംബം പട്ടിണിയിലായ സ്ഥിതിയാണ്.

" മൂന്ന് മാസത്തിന് ശേഷമാണ് ജോലിക്ക് പോകാൻ തുടങ്ങിയത്. വീണ്ടും നിയന്ത്രണങ്ങൾ വന്നതോടെ വീട്ടുകാർ വിലക്കിയിരിക്കുകയാണ്. ആകെ കിട്ടിയിരുന്ന വരുമാനവും നിലച്ചു

ബിന്ദു, കുന്ദമംഗലം

" ജോലിക്കാരെ വിളിക്കണമെന്നുണ്ട്. ചെറിയ കുട്ടിയുള്ളതിനാൽ പേടിയാണ്. ജോലിക്കാർക്ക് ചെറിയ തോതിൽ സഹായങ്ങൾ നൽകിയിട്ടുണ്ട്.

ഷീജ, വീട്ടമ്മ