img202007
മുജിബുറഹ്മാൻ

മുക്കം: ഓട്ടോറിക്ഷയിൽ കയറിയ 65-കാരിയെ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയ ശേഷം ആഭരണങ്ങളും പണവും കവർന്ന് കടന്നുകളഞ്ഞ കേസ്സിൽ പ്രതി ഒടുവിൽ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങൽ നമ്പിലത്ത് വീട്ടിൽ മുജിബ് റഹ്‌മാനെയാണ് (45) മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിൽ വാഹനമോഷണങ്ങളും കഞ്ചാവ് കടത്തുമടക്കം 16 കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഓമശ്ശേരിയിലെ ഹോട്ടൽ ജോലിക്കാരിയെ കൈയും കാലും ബന്ധിച്ച ശേഷം പ്രതി പീഡനത്തിരയാക്കിയതാണ് കേസ്. കഴിഞ്ഞ രണ്ടിന് രാവിലെ ഹോട്ടലിലേക്ക് മുത്തേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയതായിരുന്നു ഇവർ. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മർദ്ദിച്ച് അവശയാക്കിയ ശേഷമായിരുന്നു പീഡനം. രണ്ടാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. ഓട്ടോറിക്ഷകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊപ്പം നാലു ജില്ലകളിൽ നിന്നു സമാന സംഭവങ്ങളിലുൾപ്പെട്ട പ്രതികളുടെ ഫോട്ടോ ശേഖരിച്ചിരുന്നു. ഈ ഫോട്ടോകളിൽ നിന്നാണ് പ്രതിയെ ഇര തിരിച്ചറിഞ്ഞത്.

റൂറൽ പൊലീസ് സൂപ്രണ്ട് ഡോ.എ.ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ അഷറഫിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ചതായിരുന്നു പ്രത്യേക അന്വേഷണസംഘം. മുക്കം ഇൻസ്‌പെക്ടർ ബി കെ സിജു, ബാലുശ്ശേരി ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ്, കോടഞ്ചേരി ഇൻസ്‌പെക്ടർ കെ.പി അഭിലാഷ് എന്നിവർക്കു പുറമെ മുക്കം എസ് ഐ കെ.ഷാജിദ്, ജൂനിയർ എസ് ഐ മാരായ അനൂപ്, സന്തോഷ്മോൻ, സത്യൻ (സൈബർ സെൽ), ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ രാജീവ്ബാബു, സുരേഷ്, എ എസ് ഐ മാരായ സലീം മുട്ടത്ത്, ഷാജു, ഷിബിൽ, ദീപേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീഖ് നീലിയാനിക്കൽ, സ്വപ്ന, കാസിം, ഉജേഷ്, സിൻജിത്, ശ്രീകാന്ത് എന്നിവരും സംഘത്തിലുൾപ്പെടും.