gold

കൊച്ചി: യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖകളുണ്ടാക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും സീലുണ്ടാക്കാനുള്ള മെഷീനും സരിത്തിന്റെ വീട്ടിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കേസിലെ നിർണായക തെളിവായി ഇത് മാറും.

സരിത്തിനെ എൻ.ഐ.എ ഇന്നലെ രാത്രി മുതൽ ചോദ്യം ചെയ്‌തുതുടങ്ങി. ലാപ്‌ടോപ്പ് അടുത്തദിവസം എൻ.ഐ.എ കസ്‌റ്റഡിയിൽ വാങ്ങും.

നയതന്ത്രചാനലിലൂടെ സ്വർണം കടത്താൻ യു.എ.ഇ കോൺസുലേറ്റിന്റെ ലെറ്റർപാഡ്, മുദ്ര, സീൽ എന്നിവ വ്യാജമായി നിർമ്മിച്ചുവെന്ന് എൻ.ഐ.എയാണ് കണ്ടെത്തിയത്. എന്നാൽ അതിനുമുമ്പേ കസ്‌റ്റംസ് സരിത്തിന്റെ വീട്ടിൽ പരിശോധന നടത്തുകയും ലാപ്‌ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വിദേശകറൻസികളും കണ്ടെടുത്തു. വ്യാജരേഖ നിർമ്മാണവുമായി ബന്ധപ്പെട്ട് സരിത്തിന്റെ സുഹൃത്തിനെ കസ്‌റ്റംസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

അതേസമയം,സ്വർണക്കടത്തിന് പണം നിക്ഷേപിച്ച മലപ്പുറം സ്വദേശികളായ കൂട്ടിലങ്ങാടി പാടിക്കമണ്ണിൽ പി.എം. അബ്‌ദുൾ ഹമീദ് (54), പഴമല്ലൂർ പീഴടത്ത് അബൂബക്കർ (60) എന്നിവരെ കസ്‌റ്റംസ് കൊച്ചിയിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. ഒരു കോടി രൂപയുടെ നിക്ഷേപം ഇവർ നടത്തിയെന്ന് കസ്‌റ്റംസ് വ്യക്തമാക്കി.

ജുവലറിയിൽ റെയ്ഡ്

സ്വർണം പിടിച്ചെടുത്തു

കോഴിക്കോട്: കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗംബേപ്പൂർ അരക്കിണറിലെ 'ഹെസ്സ' ജുവലറിയിലെ മുഴുവൻ സ്വർണവും പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ പാർട്ട്ണർ ഷമീം, വട്ടക്കിണർ സ്വദേശി സി.വി.ജിഫ്‌സൽ എന്നിവരെ കസ്റ്റഡിയിലെടുത്തു.

3.45 കിലോ സ്വർണമാണ് കണ്ടെടുത്തത്. 1. 70 കോടി രൂപ വില വരും.

കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ടി.എം. സംജുവിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വർണം ജുവലറികൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് വിവരം. ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.