രാമനാട്ടുകര: ഇന്നലെ രാവിലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും രാമനാട്ടുകര, ഫറോക്ക്, കടലുണ്ടി, വാഴയൂർ, ചേലേമ്പ്ര ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. വീടുകളുടേയും കെട്ടിടങ്ങളുടെയും മുകളിൽ മരങ്ങളും തെങ്ങുകളും കടപുഴകി വീണാണ് നാശനഷ്ടം കൂടുതലും ഉണ്ടായത്. പലസ്ഥലത്തും വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപെട്ടു. ടെലിഫോണും തകരാറിലായി. മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു. ഫാറൂഖ് കോളേജ് പരുത്തിപ്പാറ കാളിയേടത്ത് ചൂരക്കാട്ടിൽ ബീവിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേൽക്കൂര പൂർണ്ണമായും തകർന്നു. ചുമരുകൾക്ക് വിള്ളലുകളുണ്ട്. കുട്ടികൾ പഠനത്തിന് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ, ടി.വി, മറ്റു സാധന സാമഗ്രികളെല്ലാം തകർന്നു. വീട്ടുകാരെ സമീപത്തെ മറ്റൊരു ഒഴിഞ്ഞ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

സംഭവ സ്ഥലം രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, വില്ലേജ് ഓഫീസർ, ഡിവിഷൻ കൗൺസിലർ അബ്ദുൽ റസാക്ക്, കൗൺസിലർ ജമീല, നഗരസഭ ഓവർസിയർ തുടങ്ങിയവർ സന്ദർശിച്ചു. കടലുണ്ടി പഞ്ചായത്തിൽ പ്രബോധിനിയ്ക്ക് സമീപം പട്ടയിൽ ഷീബയുടെ വീടിനു മുകളിൽ തെങ്ങു കടപുഴകി വീണു. ഓടിട്ട ഇരുനില വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. അപകട സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.

പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ, അസി. എൻജിനീയർ ഷനൂബ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി കണക്കാക്കുന്നു. വീട്ടുടമസ്ഥ വില്ലേജ് ഓഫീസർക്ക് പരാതി നൽകി. രാമനാട്ടുകര പെരുമ്പിൽ മണിയൻ, പെരുമ്പിൽ ശശീധരൻ എന്നിവരുടെ വീടിന് മുകളിലും മരങ്ങൾ വീണ് നാശമുണ്ടായിട്ടുണ്ട്. വൈദ്യരങ്ങാടി കള്ളിയൻ നൗഷാദിന്റെ വീടിന് മുകളിൽ തെങ്ങ് മുറിഞ്ഞു വീണ് കേടുപാടുണ്ടായി. ഫാറൂഖ് കോളേജ്-പരുത്തിപ്പാറ റോഡിൽ ഫാറൂഖ് കോളേജ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ടിലെ തേക്കു മരം കടപുഴകി വീണത് വൈദ്യുതി ബന്ധവും റോഡ് ഗതാഗതവും തടസപെടുത്തി. മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനരാരംഭിച്ചത്. പാറമ്മൽ മായഞ്ചേരി എ.വി ജയരാജന്റെ വീടിന് മുകളിൽ മരം വീണു. പാറമ്മൽ എ.എൽ.പി.ബി സ്കൂളിന്റെ മൂത്രപ്പുരയുടെ മുകളിലും മരം വീണു നാശം ഉണ്ടായി. വാഴയൂരിലെ വിവിധ ഭാഗങ്ങളായി 16 വൈദ്യുതി തൂണുകൾ പൊട്ടി വീണു.