പ്രതിസന്ധിയിൽ ആശ്വാസമാകേണ്ടവർ മുഖം തിരിച്ചതോടെ ജീവിത താളം തെറ്റിപ്പോയവരുണ്ട്. ഭ്രാന്തനെന്ന മുദ്രയുമായി വീടും നാടും വിട്ടിറങ്ങുന്നവർക്ക് പ്രതീക്ഷയുടെ ചെറു തുരുത്തുകളായി ചിലരെങ്കിലും ഭൂമിയിലുണ്ടാകും. രാമനാട്ടുകര കൈതക്കുണ്ടയിൽ ഡോ.അനീസ് അലി നടത്തുന്ന മനശാന്തി ആശുപത്രി മാനസികരോഗികളുടെ അഭയകേന്ദ്രമാണ്. ഓൺലൈൻ പ്രണയം ഓഫായതോടെ മനസ് തകർന്നുപോയവരും പഠനവൈകല്യമുള്ളവർ മുതൽ പാരമ്പര്യമായി മാനസികരോഗം ബാധിച്ചവർ വരെ ചികിത്സയ്ക്കായി ഡോക്ടറെ തേടിയെത്തുന്നു.
ജില്ലകളുടെ അതിരുകൾ മായുന്ന ചികിത്സാനുഭവം കേരളകൗമുദിയോട് പങ്കുവയ്ക്കുകയാണ് ഡോ. അനീസ് അലി. മനശാസ്ത്രഞ്ജർ പൊതുവെ രോഗികളുടെ വാക്കുകൾക്കായി കാതോർക്കാറില്ല. എന്നാൽ ഡോ. അനീസ് അലിയുടെ രീതി വ്യത്യസ്തമാണ്.രോഗിയിൽ നിന്നും ബന്ധുക്കളിൽ നിന്നും കുടുംബ പശ്ചാത്തലമടക്കം ചോദിച്ചറിഞ്ഞാണ് ചികിത്സ തുടങ്ങുക. മരുന്ന് കഴിക്കാൻ മടിച്ചാൽ ഗുഡ് ബൈ പറഞ്ഞ് വിടും. ഇത്തരം കണിശതകളൊക്കെ മനസിലാക്കി രോഗികളുമായെത്തുന്നവർക്ക് സന്തോഷത്തോടെ മടങ്ങാം. അറേബ്യൻ നാടുകളിലടക്കം ഡോക്ടർക്കായി ആളുകൾ കാത്തിരിക്കുന്നു
@വഴിവിളക്കായി പിതാവ്
സൈക്കോളജിസ്റ്റായ പിതാവ് പ്രൊഫ. മുഹമ്മദ് ഹസന്റെ പാത പിന്തുടർന്നാണ് അനീസ് അലി മനശാസ്ത്ര ചികിത്സാ രംഗത്ത് എത്തുന്നത്. മഞ്ചേരി വള്ളിക്കാപ്പറ്റയിലായിരുന്നു ജനനം. ഫാറൂഖ് സ്കൂളിലും കോളേജിലുമായി പ്രീഡിഗ്രി. ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജിൽ ബിരുദം, ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജ് തുംകൂരിൽ നിന്ന് എം.ബി.ബി.എസും കോയമ്പത്തൂരിലെ പി.എസ്.ജി മെഡിക്കൽ കോളേജിൽ നിന്ന് ഡി.പി.എം, യൂണിവേഴ്സിറ്റി ഓഫ് സോഷ്യൽസിൽ നിന്ന് എം.ഡിയും നേടി.മലയാളം മീഡിയത്തിൽ പഠിച്ച് മെഡിക്കൽ ബിരുദവും ബിരുദാനന്തരവും നേടിയ ഡോ.അനീസ് അലി കഠിനാദ്ധ്വാനത്തിലൂടെയാണ് പടവുകൾ ഓരോന്നും ചവിട്ടി കയറിയത്.
തുംകൂറിൽ നിന്ന് 21 വർഷം മുമ്പാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് മൂന്ന് വർഷം ഫറൂഖ് ആശുപത്രിയിൽ സേവനം. 2006ൽ കോഴിക്കോട് മീഞ്ചന്തയിൽ മനഃശാന്തി എന്ന പേരിൽ സ്ഥാപനം തുടങ്ങി. രണ്ട് വർഷത്തിനകം രാമനാട്ടുകര കൈതക്കുണ്ടയിലേക്ക് മാറി. മുതിർന്ന സൈക്കാട്രിസ്റ്റുമാരായ ഡോ. സദാശിവനും കെ.ആർ ബാലകൃഷ്ണനും അന്നു മുതൽ കൂടെയുണ്ട്. മൂവരും ചേർന്നാണ് ഓരോ രോഗിയെയും പരിശോധിക്കുന്നത്. ഭാര്യ റജുല അനീസും സൈക്കോളജിസ്റ്റാണ്.
ഇവരും പിതാവും രോഗികളെ നിരീക്ഷിക്കാനെത്തും. രണ്ട് സോഷ്യൽ വർക്കർമാർ രോഗികളെ വ്യായാമ മുറകൾ ചെയ്യിപ്പിക്കുകയും പെരുമാറ്റം നിരീക്ഷിച്ച് റിപ്പോർട്ട് നൽകുകയും ചെയ്യും. ഇത് വിലയിരുത്തിയാണ് ചികിത്സ നിർണയിക്കുക.
@ വിദേശത്തുമുണ്ട് ചികിത്സ
പത്ത് വർഷത്തോളമായി ഗൾഫ് രാജ്യങ്ങളിലും രോഗികളെ ചികിത്സിക്കുന്നുണ്ട്. ഷാർജയിലും ഖത്തറിലും പത്ത് ദിവസങ്ങളിലായി ആയിരത്തിനടുത്ത് രോഗികളെ ചികിത്സിക്കുന്നു. ഷാർജയിൽ സ്റ്റാർ കെയർ മെഡിക്കൽ സെന്ററിലും ഖത്തറിൽ നസീം അൽ റബീഹിലുമാണ് പരിശോധന. ചികിത്സയ്ക്കൊപ്പം നാല് ചാനലുകളിൽ മനശാസ്ത്ര സംബന്ധിയായ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. എൻ.ടി.വിയും മൂന്ന് റേഡിയോകളിലും ലൈവ് പ്രോഗ്രാമുകളാണ് അവതരിപ്പിക്കുന്നത്.
@ വേറിട്ട ചികിത്സാ രീതി
മനശാന്തിയിൽ 40 മുറികളാണ് രോഗികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. എ.സി, ഡീലക്സ് സംവിധാനമടക്കം സാധാരണ മാനസികാരോഗ്യ ആശുപത്രിയിൽ നിന്ന് വ്യത്യസ്തമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രിയോട് ചേർന്ന് ലഹരി വിമുക്ത കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെ നഴ്സുമാരും സോഷ്യൽ വർക്കർമാരും ഡോക്ടർമാരും നിരീക്ഷിക്കുന്നതിന് മുമ്പ് ആശയ വിനിമയമാണ് ആദ്യം. രോഗികളോട് അടുത്തിടപഴകിയായിരിക്കും ചികിത്സ. എല്ലാവരാലും ആട്ടിയകറ്റപ്പെട്ടവർക്ക് ആശ്വാസ തണലാകണം ആശുപത്രിയെന്ന നിർബന്ധം ഡോക്ടർക്കുണ്ട്.. ഡിപ്രഷൻ വേഗത്തിൽ പരിഹരിക്കാനാകുമെങ്കിലും മാനസികരോഗം ആയുഷ്കാലം മുഴുവൻ മരുന്നിനെ ആശ്രയിച്ചാണ് നിയന്ത്രിക്കാൻ സാധിക്കുകയെന്ന് ഡോ.അനീസ് അലി പറയുന്നു. ഉയർന്ന ഉദ്യോഗസ്ഥരെ പോലും ഇത്തരം പ്രശ്നങ്ങൾ അലട്ടാറുണ്ട്. കൃത്യമായി മരുന്നിനെ ആശ്രയിക്കുന്നതിനാൽ ആർക്കും മനസിലാക്കാൻ സാധിക്കുന്നില്ലെന്ന് മാത്രം.
പഴയ കാലത്ത് മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് വരാൻ ആളുകൾ മടിച്ചിരുന്നെങ്കിൽ ഇന്ന് അതിന് മാറ്റം വന്നിട്ടുണ്ട്. ഒരു ദിവസം 150 ഓളം രോഗികളെയാണ് പരിശോധിക്കുക. കൊവിഡ് കാലത്ത് പകുതിയാക്കി ചുരുക്കിയിട്ടുണ്ട്. രാവിലെ 8 മുതൽ വൈകീട്ട് 6 വരെയാണ് ചികിത്സാ സമയം.
@ പഠന വൈകല്യം ഉള്ളവർക്കുമുണ്ട് പരിരക്ഷ
പഠന വൈകല്യമുള്ള കുട്ടികളുമായി നിരവധി രക്ഷിതാക്കളും മനശാന്തിയിൽ എത്തുന്നുണ്ട് . പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളുമായി വരുന്നവരും ഏറെയാണ്. വനിതാ സൈക്കോളജിസ്റ്റ് ഡോ.ഉമ കൃഷ്ണൻ ഇവയ്ക്കെല്ലാം ചികിത്സ നിർദ്ദേശിക്കുന്നു.കുട്ടികളെയടക്കം സ്വതന്ത്രമായി തീരുമാനമെടുക്കാൻ പ്രാപ്തരാക്കുന്നതാണ് ചികിത്സ.
@ എല്ലാ ജില്ലകളിലും ക്ലിനിക്
സമീപ ഭാവിയിൽ എല്ലാ ജില്ലകളിലും ക്ലിനിക് തുടങ്ങാനാണ് ഡോ.അനീസ് അലിയുടെ തീരുമാനം. ആദ്യ ചുവടു വയ്പായി എടവണ്ണയിൽ 500 കിടക്കകളോടുകൂടിയ ആശുപത്രിയുടെ പദ്ധതിയുണ്ട് . ചാലിയാറിന്റെ തീരത്താണ് മനോഹരമായ കെട്ടിടം ഉയരുക. സംസ്ഥാനത്ത് ഒരു കോർപ്പറേറ്റ് സ്ഥാപനമായി വളരുന്നതോടെ മരുന്നുകൾ കുറഞ്ഞ നിരക്കിൽ നൽകാനാവും. വിദേശികളെ ആകർഷിക്കുന്ന തരത്തിൽ ഹെൽത്ത് ടൂറിസവും വിഭാവനം ചെയ്യുന്നുണ്ട്. റസിഡൻഷ്യൽ സംവിധാനത്തോടെ സ്പെഷ്യൽ സ്കൂളും ആരംഭിക്കും.
@ കാരുണ്യ വഴിയിൽ
പ്രളയ കാലത്ത് കുണ്ടായിത്തോട് കോളനിയിലെ ഒരു സ്ത്രീയ്ക്ക് വീട് പണിത് നൽകി. കോളനിയിലെ നൂറ് വീടുകളിൽ ബെഡും നൽകി. കോഴിക്കോട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ഐ.സി.യു ഒരുക്കിയപ്പോൾ ഇന്റൻസീവ് വെന്റിലേറ്റർ ഡോക്ടറുടെ വകയായിരുന്നു. ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ 25 ടി.വികളാണ് ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘടന നൽകിയത്.
@ എഴുത്തും നേതൃത്വവും
മനഃശാന്തി ആശുപത്രിയുടെ എല്ലാമെല്ലാമായ ഡോ.അനീസ് അലി തിരക്കുകൾക്കിടയിലും വീണുകിട്ടുന്ന ചെറിയ സമയം എഴുത്തിനായും മറ്റും നീക്കിവയ്ക്കുന്നു.മനശാസ്ത്ര സംബന്ധിയായ മൂന്ന് പുസ്തകം എഴുതുകയും മൂന്ന് സി.ഡി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. മനോരോഗങ്ങളും ശരിയായ ചികിത്സയുമാണ് പ്രധാന പുസ്തകം. സിനിമയും മാനസിക രോഗവും, മാനസിക രോഗവും തെറ്റിദ്ധാരണയും, ഷോക്ക് സത്യവും മിഥ്യയും എന്നിവയാണ് സി.ഡികൾ. ഐ.എം.എയുടെ ഫറോക്ക് യൂണിറ്റ് മുൻ പ്രസിഡന്റാണ് അനീസ് അലി. കേരള സ്റ്റേറ്റ് ഹോസ്പിറ്റൽ ബോർഡ് മാനേജ്മെന്റ് കമ്മിറ്റി അംഗം, കോഴിക്കോട് റോട്ടറി ക്ലബ്ബ് മുൻ പ്രസിഡന്റ്, സൈക്കാട്രിക് അസോസിയേഷൻ ജില്ലാ ട്രഷറർ, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, അൽ ഫറൂഖ് റസിഡൻഷ്യൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ബെസ്റ്റ് വേൾഡ് മെന്റൽ ഹെൽത്ത് പുരസ്കാരം മൂന്ന് വർഷം മുമ്പ് വിയന്നയിലെത്തി ഏറ്റുവാങ്ങിയിരുന്നു.
@ കുടുംബം
പ്രൊഫ. മുഹമ്മദ് ഹസന്റെയും ആയിഷയുടെയും അഞ്ച് മക്കളിൽ മൂന്നാമനാണ് ഡോ. അനീസ് അലി. സൈക്കോളജിസ്റ്റായ റജുല അനീസാണ് ഭാര്യ. ആയിഷ സെബ(മൈസൂർ ജെ.എസ്.എസ് മെഡിക്കൽ കോളേജിൽ ബി.ഡി.എസ് മൂന്നാം വർഷ വിദ്യാർത്ഥിനി), ഹയാ ഫാതിൻ(ഒൻപതാം ക്ലാസ്), സോറ അനീസ് (രണ്ടാം ക്ലാസ്) എന്നിവർ മക്കൾ. മൂത്ത സഹോദരൻ ഡോ. ജവഹർ അലി (മഞ്ചേരി മനസ്നേഹ ആശുപത്രി). സാജിദ സലീം, ഡോ. അബ്ദുള്ള സമീർ ജീജു(ചെർപ്പുളശ്ശേരി കോ-ഒാപ്പറേറ്റീവ് ആശുപത്രി), യാസീൻ ഹസൻ(സി.ഇ.ഒ സ്കൈ ടവർ, ദുബൈ ഇന്ത്യ) എന്നിവരാണ് മറ്റ് സഹോദരങ്ങൾ.