പുൽപ്പള്ളി: വനഭൂമിയാണെന്ന് പറഞ്ഞ് പൂതാടി പഞ്ചായത്തിലെ ചീയമ്പം, ചെട്ടിപാമ്പ്ര, അമരക്കുനി, പത്തേക്കർ, ഒന്നാം നമ്പർ എന്നീ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ നീക്കം. അര നൂറ്റാണ്ടിലധികമായി താമസിച്ചുവരുന്ന കുടുംബങ്ങളെയാണ് കുടിയിറക്കാൻ നീക്കം നടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നത്.
മൂന്ന് സെന്റ് മുതൽ 60 സെന്റ് വരെയാണ് ഇവിടെ താമസിക്കുന്നവർക്ക് ഉള്ളത്. കൂലിപ്പണിക്കാരാണ് ഭൂരിഭാഗവും. വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സർവ്വേ നടത്തി തോട്ടത്തിലും വീട്ടിലുമൊക്കെ സർവ്വേക്കല്ല് കുഴിച്ചിട്ടിരുന്നു.
1995 ലെ റീ സർവ്വേ വിഭാഗം നൽകിയ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1997 മുതൽ ഇവരിൽ നിന്ന് നികുതി സ്വീകരിച്ചിരുന്നില്ല. വനംവകുപ്പിന്റെ ഭൂമിയിലാണ് ഈ കുടുംബങ്ങൾ കഴിയുന്നത് എന്നാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്.
ഇവിടെ താമസിക്കുന്ന ഷൈനിക്ക് മൂന്ന് സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. ഇവരുടെ വീടിന്റെ അടുക്കളയിലാണ് സർവ്വേക്കല്ല് സ്ഥാപിക്കാൻ ശ്രമിച്ചത്. പ്രതിഷേധത്തെത്തുടർന്ന് അടുക്കളയോട് ചേർന്ന് കല്ലിട്ടിരിക്കുകയാണ്.
വിധവയായ സലോമിയുടെ വീട് സർവ്വേയിൽ ഇല്ലാതായി. ഇവർക്ക് ബാത്ത്റൂം മാത്രമാണ് അവകാശപ്പെട്ടിരിക്കുന്നത്. ഈ സ്ഥലങ്ങളെല്ലാം വനഭൂമിയാണെന്നാണ് വനംവകുപ്പിന്റെ വാദം.
വീട് പുതുക്കി പണിയുകയോ കൃഷിപ്പണികൾ നടത്തുകയോ ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ്. പുതിയ സർവ്വേ പ്രകാരം നടപടി ഉണ്ടായാൽ കമലാക്ഷി, പുഷ്പ വേണു, തങ്കമ്മ, സ്വപ്ന തുടങ്ങി നിരവധി പേർക്ക് കിടപ്പാടം നഷ്ടപ്പെടും.
50 വർഷത്തിലേറെയായി നട്ടുനനച്ച് വളർത്തിയ മാവ്, പ്ലാവ്, സിൽവറോക്ക് എന്നിവയൊന്നും മുറിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
വനംവകുപ്പിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഇവിടേക്കുള്ള റോഡുകൾപോലും ഗതാഗതയോഗ്യമാക്കാൻ പറ്റാത്ത അവസ്ഥയാണ്. ജനദ്രോഹ തീരുമാനങ്ങളിൽ നിന്ന് വനംവകുപ്പ് പിൻമാറിയില്ലെങ്കിൽ വനംവകുപ്പ് ഓഫീസിനുമുന്നിൽ കുടിൽ കെട്ടി താമസം ആരംഭിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു. ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനാണ് ബിജു മധുരക്കുന്നേൽ ചെയർമാനായ ആക്ഷൻ കമ്മറ്റിയുടെ തീരുമാനം.