കോഴിക്കോട്:സ്വർണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രി ജലീൽ എന്നിവർക്കുളള ബന്ധത്തെ വെള്ളപൂശാനുളള സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തിരുമാനം ലജ്ജാകരമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് പറഞ്ഞു.
ഉമ്മൻചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും സോളാർ വിഷയത്തിൽ യു.ഡി.എഫ് ന്യായീകരിച്ചതിന് തുല്യമാണ് സി.പി.എമ്മിന്റെ നിലപാട്. എൻ.ഡി.എഫ്, യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കൾക്ക് സ്വർണക്കടത്ത്, കുഴൽപണം പ്രതികളുമായി ബന്ധമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണങ്ങൾ തെളിയുകയാണ്. രാജ്യദ്രോഹ സംഘടനകളുമായി രഹസ്യ ബന്ധം ഇരു മുന്നണികളുടെയും നേതാക്കൾക്ക് ഉണ്ടെന്ന് മാറാട് കേസിലടക്കം കേരളം കണ്ടതാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റായിരിക്കെ കെ.മുരളീധരനും മാറാട് കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിനും സാമ്പത്തിക സ്രോതസടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിന് തടസം നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.