കോഴിക്കോട്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. ബലിതർപ്പണ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തി. മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറക്കാൻ പാടില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും നിയന്ത്രണം ബാധകമല്ല. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ ജനങ്ങൾ യാത്ര ചെയ്യരുതെന്നും ഞായറാഴ്ചകളിലെ ലോക്ഡൗൺ തുടരുമെന്നും ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു.
കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജൂലായ് 20, 21 തീയതികളിൽ ക്ഷേത്രങ്ങളിലും മറ്റും ജനങ്ങൾ കൂടിച്ചേർന്ന് വാവ് ബലിതർപ്പണം നടത്തുന്നത് നിരോധിച്ചു. അതേസമയം വീടുകളിൽ ബലിതർപ്പണം നടത്താം.
വ്യാപാരികൾക്ക് മാർഗ നിർദ്ദേശം
ജില്ലയിലെ ഷോപ്പിംഗ് കോപ്ലക്‌സുകൾ, മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ മാർഗനിർദ്ദേശം പുറത്തിറക്കി. വാണിജ്യ സ്ഥാപനങ്ങളിൽ ശാരീരിക അകലം പാലിച്ച് തിരക്ക് കുറക്കാൻ ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഇതിനായി ഓരോ വ്യപാരിയും കടയുടെ വിസ്തീർണ്ണം സംബന്ധിച്ച ഡിക്ലറേഷൻ കടയുടെ പുറത്ത് പ്രദർശിപ്പിക്കണം. വാണിജ്യസ്ഥാപനങ്ങളിലും മാളുകളിലും ഉപഭോക്താക്കൾ തമ്മിൽ ആറ് അടി അകലം ഉറപ്പുവരുത്തേണ്ടതാണ്.
വ്യാപാരകേന്ദ്രങ്ങളിൽ എ.സി പ്രവർത്തിപ്പിക്കരുത്. വെന്റിലേഷൻ സംവിധാനം ഏർപ്പെടുത്തണം. ഉപഭോക്താക്കൾക്കായി ബ്രേക്ക് ദ ചെയിൻ സൗകര്യം ഉറപ്പുവരുത്തണം. കടകളിലെ സിസിടിവി പൂർണ്ണമായും പ്രവർത്തന സജ്ജമാക്കണം.
ഷോപ്പിംഗ് സെന്ററുകളിലും മാളുകളിലും മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും പൊലീസ് സ്‌ക്വാഡുകൾ ഉറപ്പുവരുത്തണം. നിബന്ധനകൾ ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പൊലീസ് തഹസിൽദാർമാർക്ക് വിവരം കൈമാറണം. തഹസിൽദാരുടെ നിർദ്ദേശമനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾ ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ഉപഭോക്താക്കളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.