കോഴിക്കോട്: ഭട്ട് റോഡിൽ അനധികൃതമായി മീൻ വിൽപ്പന നടത്തിയ രണ്ട് ലോറികൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടികൂടി 10,000 രൂപ വീതം പിഴയിട്ടു. മാർക്കറ്റുകളിൽ മാത്രമാണ് മീൻ വിൽപനയ്ക്ക് അനുമതിയെന്നിരിക്കെ റോഡരികിൽ വാഹനം നിർത്തിയാണ് കച്ചവടം നടത്തിയത്. ആന്ധ്രപ്രദേശിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ലോറികളാണ് പിടികൂടിയത്. മറുനാട്ടിൽ നിന്നുള്ള ലോറിയിലെ ഡ്രൈവർ ഉൾപ്പെടെയുള്ളവർ കറങ്ങി നടക്കുകയും പ്രദേശത്ത് പ്രാഥമിക കൃത്യങ്ങൾ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ. പ്രമോദ്, ജെ.എച്ച്.ഐ. അശോകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.