പേരാമ്പ്ര: കോട്ടൂർ ചെങ്ങോടുമലയിലെ കുടിവെള്ള ടാങ്ക് പൊളിച്ചതിൽ തെളിവില്ലെന്ന് കാട്ടി കൂരാച്ചുണ്ട് പൊലീസ് പേരാമ്പ്ര കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ വിവാദം. ക്വാറി കമ്പനിയെ സംരക്ഷിക്കാനാണ് ശ്രമമെന്ന് ആരോപിച്ച് നാട്ടുകാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആവശ്യപ്പെട്ടു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ടാങ്കാണ് വിവാദങ്ങൾക്ക് വിത്തിട്ടത്.

വിവാദം വന്നവഴി

ചെങ്ങോടുമല കുടിവെള്ള പദ്ധതിയുടെ ടാങ്ക് 2006ലാണ് കമ്മിഷൻ ചെയ്തത്. സാങ്കേതിക പ്രശ്നങ്ങളാൽ പ്രവർത്തനം നിലച്ചു. ടാങ്ക് ഉണ്ടായിരുന്ന മുക്കാൽ സെന്റ് സ്ഥലമടക്കം 12 ഏക്കർ ഡെൽറ്റ റോക്സ് പ്രൊഡക്റ്റ് ക്വാറി കമ്പനി 2016ൽ വാങ്ങി. 2017ൽ കുടിവെള്ള ടാങ്ക് തേങ്ങാ കൂടയാക്കി രൂപഭേദം വരുത്തിയതോടെ പഞ്ചായത്തിൽ നിന്നും നമ്പർ ലഭിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ 2018 മാർച്ച് 28ന് ടാങ്ക് പൊളിച്ചെന്നാണ് സമരസമിതിയുടെ വാദം.

പരാതിയുടെ തുടക്കം

സമരസമിതി പ്രവർത്തകർ 2019 ൽ വടകര എസ്.പിയ്ക്ക് പരാതി നൽകി. കേസെടുക്കാത്തതോടെ ഹൈക്കോടതിയിൽ റിട്ട് നൽകി. തുടർന്ന് ബാലുശേരി പൊലീസിനോട് കേസന്വേഷണത്തിന് നിർദ്ദേശം നൽകി. ഇതോടെ ടാങ്ക് പൊളിച്ചതിനും കെ.എസ്.ഇ.ബിയുടെ വൈദ്യുതികാൽ കടത്തിയതിനും ചേർത്ത് കേസെടുത്തു. ക്വാറിയുടമ തോമസ് ഫിലിപ്പിനും രണ്ട് മാനേജർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്. എന്നാൽ സ്ഥലം കൂരാച്ചുണ്ട് സ്റ്റേഷൻ പരിധിയിലാണെന്ന് കാട്ടി കേസ് അവർക്ക് കൈമാറി. ടാങ്ക് പൊളിച്ച് രണ്ട് ദിവസത്തിന് ശേഷം സി.പി.എം ഇവിടേക്ക് മാർച്ച് നടത്തി ഭൂമി പിടിച്ചെടുത്ത് കൊടി നാട്ടിയിരുന്നു.

പൊലീസ് കണ്ടെത്തൽ

2011 മുതൽ ടാങ്ക് ഉണ്ടായിരുന്നില്ലെന്ന് റിമോർട്ട് സെൻസറിംഗ് സെന്ററിലെ ചിത്രങ്ങളിൽ വ്യക്തമാണ്. പരാതി കളവാണ് എന്നായിരുന്നു കൂരാച്ചുണ്ട് എസ്.ഐ റോയിച്ചന്റെ റിപ്പോർട്ട്. സമരസമിതിയുടെ പരാതിയിൽ സംഭവം പുനഃരന്വേഷിക്കാൻ വടകര എസ്.പി എസ്.ഐ. സൂരജിനെ ഏൽപ്പിച്ചു. കളവായ പരാതി എന്നതിന് പകരം തുമ്പില്ലാത്തത് എന്ന ഗണത്തിലാണ് അദ്ദേഹം ഇപ്പോൾ റിപ്പോർട്ട് നൽകിയത്.

സമര സമിതി പറയുന്നു

കമ്പനി ടാങ്ക് പൊളിക്കുന്നത് കണ്ടെന്ന് മൂന്ന് പേരുടെ മൊഴിയുണ്ട്

ടാങ്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

തെളിവില്ലാത്ത വിഭാഗത്തിൽ ഉൾപ്പെടുത്തിയത് ദുരൂഹം

2018 വരെ ടാങ്കിലെ കുടിവെള്ളത്തെ ആശ്രയിച്ചവരുണ്ട്

ടാങ്ക് ഉണ്ടെങ്കിൽ ക്വാറിക്ക് അനുമതി ലഭിക്കില്ല