കൊയിലാണ്ടി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടി പച്ചക്കറി, മാംസ മാർക്കറ്റുകൾ അടയ്ക്കാൻ ജില്ലാ കളക്ടർ വി. സാംബശിവ റാവു ഉത്തരവിട്ടു. കൊയിലാണ്ടി ചെറിയപള്ളിയിൽ കൊവിഡ് പോസിറ്റീവായ ആളുമായി പ്രൈമറി കോണ്ടാക്ടായ വ്യക്തി എത്തിയതാണ് മാർക്കറ്റ് പൂട്ടാൻ കാരണം. ചെറിയപള്ളിയിൽ നിസ്കാരത്തിന് വന്ന നിരവധി പേർ ഇതോടെ നിരീക്ഷണത്തിലായി.
രാവിലെ കടകൾ തുറന്നശേഷമാണ് അധികൃതർ ഉത്തരവുമായി എത്തിയത്. പത്തു മണിയോടെ കടകൾ പൂട്ടി. കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്ന് എത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് 3 കടകൾ അടക്കുകയും പത്തോളം ആളുകൾ ക്വാറന്റൈനിൽ പോവുകയും ചെയ്തു. ഇവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. മാർക്കറ്റിൽ നിയന്ത്രണമില്ലാതെ വരുന്നത് ഒഴിവാക്കണമെന്ന് നഗരസഭാ ചെയർമാൻ ആവശ്യപ്പെട്ടു.