കൽപ്പറ്റ: കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ കർക്കടക വാവുബലി കർമ്മങ്ങൾ വീടുകളിൽ മാത്രമായി നടത്തണമെന്നും, കൂട്ടം കൂടിനിന്ന് ആചരിക്കാൻ പാടില്ലെന്നുമുള്ള സംസ്ഥാന പൊലീസ്‌ മേധാവിയുടെ നിർദ്ദേശം നടപ്പിലാക്കുമെന്ന് ജില്ലാ പൊലീസ്‌ മേധാവി ആർ.ഇളങ്കോ അറിയിച്ചു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ജൂലൈ 15ലെ ഉത്തരവു പ്രകാരം ജൂലൈ 31വരെ ആളുകൾ കൂട്ടംകൂടുന്ന എല്ലാ മതചടങ്ങുകളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ്‌ മേധാവി നൽകിയ നിർദ്ദേശം നടപ്പിലാക്കാനും ദേവസ്വം ബോർഡ് അധികാരികളെയും, ക്ഷേത്രഭാരവാഹികളെയും ജനങ്ങളെയും വിവരം അറിയിക്കാനും ജില്ലയിലെ എല്ലാ എസ്.എച്ച്.ഒ മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കാതെയും, ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചും ആളുകൾ ഒത്തുകൂടുന്നത് രോഗവ്യാപനത്തിനിടയാക്കും. നിർദ്ദേശം ലംഘിച്ച് ദേവസ്വം അധികാരികളും ക്ഷേത്രഭാരവാഹികളും ബലിതർപ്പണ ചടങ്ങുകൾ സംഘടിപ്പിക്കരുതെന്നും ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു.