പുൽപ്പള്ളി: പുൽപ്പള്ളിക്ക് ആശ്വാസമായി കൊവിഡ് പരിശോധനാ ഫലങ്ങൾ. പുൽപ്പള്ളിയിലെ ബാങ്ക് മാനേജർക്ക്‌ കൊവിഡ് ബാധിച്ചതിനെത്തുടർന്ന് അദ്ദേഹവുമായി സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇരുപതിലേറെ ആളുകളുടെ ഫലം നെഗറ്റീവാണ്. ബാങ്കിലെ ജീവനക്കാർ, പൊലീസ്‌സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, മാനേജരുടെ ബന്ധുക്കൾ എന്നിവരുടെ പരിശോധനാഫലമാണ് വന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ബാങ്ക് മാനേജർക്ക്‌ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരടക്കം ആശങ്കയിലായിരുന്നു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ കണ്ടൈൻമെന്റ്‌ സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ബാങ്കുമായി നിരവധിപേരാണ് ബന്ധപ്പെട്ടിരുന്നത്. ഇക്കാരണത്താൽ പരിശോധനാഫലത്തിനായി കാത്തിരിക്കുകയായിരുന്നു നാട്ടുകാർ.