വടകര: അഴിയൂരിൽ ഉറവിടമറിയാത്ത കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 100 പേരുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവായത് ആശ്വാസമായി. പി .എച്ച് .സിയിൽ നടന്ന പരിശോധനയിൽ മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ നസീർ നേതൃത്വം നൽകി.കല്ലാമല സ്കൂൾ ,മുക്കാളി പളളി, എന്നിവിടങ്ങളിൽ രോഗിയുമായി സമ്പർക്കം ഉള്ളവരെയാണ് പരിശോധിച്ചത്. പോസിറ്റീവ് രോഗിയുടെ അടുത്ത ബന്ധുക്കളുമായി നേരിട്ട് സമ്പർക്കമുള്ള ആറുപേരുടെ സ്രവം പരിശോധനയ്ക്കെടുത്തു. അഴിയൂർ ഹൈസ്കൂൾ ഹയർ സെക്കൻഡറിയിലെ 10 മുറി കെട്ടിടം കിടത്തിചികിത്സയ്ക്കായി നൽകാൻ തീരുമാനിച്ചു. അദ്ധ്യാപകരുടെയും പൊലീസിന്റെയും സഹായത്തോടെ പരിശോധന തുടരുകയാണ്. ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ തീരദേശത്ത് പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തും. കെട്ടിടങ്ങളുടെ പരിശോധനയിൽ പഞ്ചായത്ത് പ്രസിഡന്റ് വി .പി ജയൻ വൈസ് പ്രസിഡന്റ് ഷീബ അനിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുൽ ഹമീദ്, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ സുരേന്ദ്രൻ, വില്ലേജ് ഓഫീസർ ടി. പി റിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.