മുക്കം:ഓണത്തിന് സമൃദ്ധമായി പച്ചക്കറിയൊരുക്കാൻ മുക്കം നഗരസഭ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയും കൃഷിഭവനും യോജിച്ചാണ് വീട്ടുവളപ്പിൽ പച്ചക്കറി കൃഷി നടപ്പാക്കുന്നത്. വിത്തും വളവും സാങ്കേതിക നിർദ്ദേശങ്ങളും കൃഷിഭവൻ നൽകും.നിലമൊരുക്കാൻ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. പറമ്പുകളിലാണ് മഴക്കാല പച്ചക്കറി കൃഷികളായ വെണ്ട,പയർ,തക്കാളി, വഴുതന, വെള്ളരി,മത്തൻ എന്നിവ കൃഷി ചെയ്യുന്നത്. ഓണത്തിന് ഒരു മുറം പച്ചക്കറി, ഗ്രോബാഗ് പച്ചക്കറി കൃഷി എന്നീ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഈ പച്ചക്കറി കൃഷിക്കും ലഭിക്കും. മുക്കം മണാശ്ശേരി മുതുകുറ്റിയിൽ റബർ വെട്ടിമാറ്റിയ ഭൂമിയിലാണ് പദ്ധതിക്ക് തുടക്കമായത്. നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ടി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ വി.ഗിരിജ, സെക്രട്ടറി എൻ.കെ.ഹരിഷ്, കൃഷി ഓഫീസർ ഡോ.പ്രിയ മോഹൻ,അസി.കൃഷി ഓഫീസർ സുബ്രഹ്മണ്യൻ, കെ.മോഹനൻ,സതീശൻ എന്നിവർ സംബന്ധിച്ചു.