പേരാമ്പ്ര: വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് പേരാമ്പ്ര മണ്ഡലത്തിൽ 'പാഠം'(പേരാമ്പ്ര ആക്ഷൻ പ്ലാൻ ഫോർ അക്കാഡമിക് ഡവലപ്‌മെന്റ് ആൻഡ് മോഡേണൈസേഷൻ) നടപ്പാക്കുന്നു. തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റേതാണ് ആശയം.

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒരു അദ്ധ്യാപകന് ചുമതല നൽകും. പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ ഭാഗമായാണ് 'പാഠം' പദ്ധതി നടപ്പാക്കുന്നത്.
പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി പരിഗണന നൽകാനും ഇതുവഴി സാധിക്കും. ലഹരിയ്ക്ക് എതിരായ പ്രവർത്തനം, എല്ലാ ക്ലാസിലും ഐ.ടി അധിഷ്ഠിത പഠനം, ടാലന്റ് ലാബ്, ജൈവ വൈവിദ്ധ്യ ഉദ്യാനം, കായിക ശേഷി വികസനം എന്നിവക്കെല്ലാം സഹായം ലഭ്യമാക്കും.

ശാസ്ത്രം, ഗണിതം, ഭാഷ, കലാ-കായികം തുടങ്ങിയ രംഗങ്ങളിലെ പ്രതിഭകൾക്ക് പരിശീലനവും നൽകും. മത്സര-സ്‌കോളർഷിപ്പ് പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിശീലനം ഉണ്ടാകും.

മന്ത്രി ചെയർമാനായ വിദ്യാഭ്യാസ സമിതിയാണ് നേതൃത്വം നൽകുന്നത്. കൺവീനർ കെ.വി. വിനോദൻ, ജോയിന്റ് കൺവീനർ സി.കെ വിനോദൻ, മണ്ഡലം വികസന മിഷൻ കൺവീനർ എം. കുഞ്ഞമ്മദ്, സി.എച്ച്. സനോപ്, എ.ഇ.ഒമാർ, ഡി.ഇ.ഒ ഡയറ്റ് ഫാക്കൽറ്റി, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവരാണ് സമിതിയിലുളളത്.

ഇത്തവണ 411 പേർ എൽ.എസ്.എസും 173പേർ യു.എസ്.എസ് പരീക്ഷയും വിജയിച്ചു. പ്ലസ്ടുവിലും ഉന്നത വിജയമാണ്. വിദ്യാഭ്യാസ നിലവാരം വർദ്ധിക്കുന്നതിന്റെ സൂചനയാണിത്.

കെ.വി. വിനോദൻ

കൺവീനർ, വിദ്യാഭ്യാസ സമിതി

പഞ്ചായത്തുകൾ - 10

സ്കൂളുകൾ- 119

ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കൂത്താളി, നൊച്ചാട്, പേരാമ്പ്ര, കീഴരിയൂർ, തുറയൂർ, മേപ്പയ്യൂർ, അരിക്കുളം