പേരാമ്പ്ര: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിക്കുമ്പോൾ ജനവാസ മേഖലയും കൃഷിഭൂമിയും ഒഴിവാക്കിയുള്ള ഉമ്മൻ വി ഉമ്മൻ റിപ്പോർട്ട് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സംയുക്ത കർഷക സംരംക്ഷണ സമിതി ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറയുന്ന 123 വില്ലേജുകളിൽ ഇടുക്കി ജില്ലയിൽ മൂന്നും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഒന്ന് വീതവും എന്ന കണക്കിൽ അഞ്ച് വില്ലേജുകൾ മാത്രം ഒഴിവാക്കി റിപ്പോർട്ട് നൽകിയത് വഞ്ചനാപരമാണ്.
പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുമായി സഹകരിച്ച് സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരാനും സംയുക്ത കർഷക സംരംക്ഷണ സമിതി തീരുമാനിച്ചു.
ഓൺലൈൻ യോഗത്തിൽ സമിതി ചെയർമാൻ ജിതേഷ് മുതുകാട് അദ്ധ്യക്ഷത വഹിച്ചു. സെമിലി സുനിൽ, ജോർജ് കുംബ്ലാനി, ബേബി കാപ്പുകാട്ടിൽ, ഒ.ഡി.തോമസ്, ആവള ഹമീദ്, കുര്യൻ ചെമ്പനാനി, ഷാജു എം ജോർജ്, ബാബു കൂനംതടം, മാത്യു തേരകം എന്നിവർ പങ്കെടുത്തു.