ബാലുശ്ശേരി: മദ്യലഹരിയിൽ വഴക്കിട്ട് അമ്മയ്ക്കു നേരെ പാഞ്ഞടുത്ത അച്ഛനെ തടയാനെത്തിയ 17-കാരന് ദാരുണാന്ത്യം. കിനാലൂരിൽ മനത്താംവയൽ പ്രദേശത്ത് അരയിടത്ത് വയൽ വേണു - മിനി ദമ്പതികളുടെ മകൻ അലൻ വേണുവാണ് വാതിൽ കട്ടിളയിൽ തലയിടിച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബാലുശ്ശേരി പൊലീസ് വേണുവിനെ (56) കസ്റ്റഡിയിലെടുത്തു. ഇയാളെ താമരശ്ശേരി കൊവിഡ് സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്. വേണുവിനെതിരെ 302-ാം വകുപ്പ് പ്രകാരം കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് അലൻ. സഹോദരങ്ങൾ: അനു, അലീന.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മദ്യപിച്ച് വീട്ടിലെത്തിയ വേണു ഭാര്യയുമായി വാക്കുതർക്കമുണ്ടായി. അകത്ത് കിടന്നുറങ്ങുകയായിരുന്ന മകൻ ബഹളം കേട്ട് ഉണർന്നു. അച്ഛനെ വഴക്കിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ മൽപ്പിടുത്തമായി. വേണു പിടിച്ചുതളളിയപ്പോൾ അലൻ വാതിൽ കട്ടിളയിൽ തലയടിച്ച് വീണു. ഓടിക്കൂടിയ പരിസരവാസികൾ അലനെ ബാലുശ്ശേരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് മൊടക്കല്ലൂർ ആശുപത്രിയിലുമെത്തിച്ചെങ്കിലും അതിനിടയ്ക്ക് മരണം സംഭവിച്ചിരുന്നു.
താമരശ്ശേരി ഡിവൈ.എസ്.പി ടി. അഷ്റഫ്, ബാലുശ്ശേരി ഇൻസ്പെക്ടർ ജീവൻ ജോർജ്ജ്, എസ്.ഐ പ്രജീഷ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.