പയ്യോളി: കാൻസർ ബാധിതയായ സ്ത്രീയ്ക്ക് ആശ്വാസമായി ബംഗളൂരുവിൽ നിന്നും മരുന്നെത്തി. പയോളി ഇരിങ്ങൽ മൂരാട് വലിയകടവത്ത് നാരായണന്റെ ഭാര്യ ശോഭയ്ക്കാണ് കെ.എം.സി.സി ഇടപെട്ട് പൽബോസിക്ലിബ് 125 മരുന്ന് എത്തിച്ചത്. കൊവിഡും ലോക്ക്ഡൗണിനെയും തുടർന്നുള്ള പ്രതിസന്ധി കാലത്താണ് ഇടപെടൽ.
രണ്ടു വർഷമായി ബംഗളൂരുവിലെ കമാൻഡോ ആശുപത്രിയിലും കണ്ണൂരിലെ സൈനിക ആശുപത്രിയിലും ചികിത്സയിലാണ് ശോഭ. ബംഗളൂരുവിൽ ആർമി ഉദ്യോഗസ്ഥനായ മകൻ നിധിഷ് സാധാരണ കൊറിയറിലാണ് മരുന്ന് അയക്കാറ്. എന്നാൽ കൊവിഡ് കാലത്ത് കർണാടക അതിർത്തി അടച്ചതോടെ പ്രതിസന്ധിയായി. ഏപ്രിലിൽ ബംഗളൂരു കെ.എം.സി.സിയെ സമീപിച്ചതോടെ ഇവർ സംസ്ഥാന അതിർത്തിയിലേക്ക് പ്രത്യേക വാഹനത്തിലും അവിടെ നിന്ന് പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗിന്റെ ആംബുലൻസും ഉപയോഗിച്ച് മരുന്ന് വീട്ടിലെത്തിക്കുകയായിരുന്നു. ഇപ്പോൾ രണ്ടാം തവണയാണ് കെ.എം.സി.സിയുടെ സഹായം ലഭിക്കുന്നത്. കേരളത്തിലേക്കുള്ള കെ.എം.സി.സിയുടെ നൂറാമത് ബസിലാണ് ഇത്തവണ മരുന്ന് എത്തിച്ചത്.
ബംഗളൂരു കെ.എം.സി.സി. പ്രസിഡന്റ് ടി. ഉസ്മാൻ, ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് പയ്യോളി, മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് പി. സദക്കത്തുള്ള, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റഹീം ചാവശ്ശേരി, ട്രോമാ കെയർ ചെയർമാൻ ടി.സി. മുനീർ, അൾസൂർ ഏരിയ ഉപാദ്ധ്യക്ഷൻ മുജീബ്, ഏരിയ പ്രവർത്തകസമിതി അംഗം ആഷിഫ്, ബസ് ഡ്രൈവർ ഇമ്രാൻ ഖാൻ, പയോളി മുൻസിപ്പൽ വൈറ്റ് ഗാർഡ് കാപ്‌റ്റൻ എ.എം. സവാദ്, കൊയിലാണ്ടി മണ്ഡലം യുത്ത്കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രവീൺ നടുക്കുടി എന്നിവർ നേതൃത്വം നൽകി.